
ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് സ്പിന്നർ ദിഗ്വേഷ് രാതിയുടെ മികച്ച പ്രകടനത്തിന്റെ കാരണം തുറന്നുപറഞ്ഞ് സഹതാരം എയ്ഡാൻ മാർക്രം. 'ദിഗ്വേഷ് വ്യത്യസ്തനായ ഒരു താരമാണ്. പന്തിനെ ഇരുവശത്തേക്കും തിരിക്കാൻ ദിഗ്വേഷിന് കഴിയും. അതിനോടൊപ്പം ബാറ്റർമാരെ കമ്പളിപ്പിക്കാൻ കഴിയുന്ന ചെറിയ ഒരു നിഗൂഢതയുമുണ്ട്. അതാണ് ദിഗ്‍വേഷിന്റെ മികവിന് കാരണം. എന്നാൽ കൃത്യതയോടെ പന്തെറിയുന്നതിലാണ് കാര്യം. മികച്ച ലെങ്തിൽ പന്തെറിയുകയും എതിരാളകളെ സമ്മർദ്ദത്തിലാക്കാനും ദിഗ്വേഷ് ശ്രമിക്കും.' മത്സരശേഷമുള്ള വാർത്ത സമ്മേളനത്തിൽ എയ്ഡാൻ മാർക്രം പ്രതികരിച്ചു.
'പന്തിലുള്ള നിയന്ത്രണമാണ് ദിഗ്‍വേഷിന്റെ വലിയ കരുത്തെന്ന് ഞാൻ കരുതുന്നു. ഇരുവശത്തേക്കും പന്തെറിയാൻ കഴിയുന്നത് തീർച്ചയായും വലിയൊരു ശക്തിയാണ്. എന്നാൽ ലെങ്ത് പിഴച്ചാൽ തീർച്ചയായും റൺസ് വഴങ്ങേണ്ടി വരും. അതുകൊണ്ട് ഈ ഐപിഎല്ലിൽ ഇതുവരെ ദിഗ്‍വേഷിന്റെ ഏറ്റവും വലിയ ആയുധം ഒരു നല്ല ലെങ്ത് നിലനിർത്താനുള്ള കഴിവാണ്.' മാർക്രം വ്യക്തമാക്കി.
ഐപിഎല്ലിൽ ഇതുവരെ അഞ്ച് മത്സരങ്ങളാണ് ദിഗ്വേഷ് കളിച്ചിട്ടുള്ളത്. ഏഴ് വിക്കറ്റുകൾ താരം ഇതുവരെ സ്വന്തമാക്കി. വിക്കറ്റുകൾ നേടുമ്പോൾ നടത്തുന്ന നോട്ട്ബുക്ക് സെലിബ്രേഷനാണ് ദിഗ്വേഷനെ ക്രിക്കറ്റ് ലോകത്ത് കൂടുതൽ പ്രസിദ്ധനാക്കിയത്. രണ്ട് തവണ നോട്ട്ബുക്ക് സെലിബ്രേഷൻ നടത്തിയതിന് ദിഗ്വേഷ് രാതിക്ക് ബിസിസിഐ പിഴയും വിധിച്ചിരുന്നു.
Content Highlights: Aiden Markram reveals Digvesh Rathi's biggest weapon for success