
കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറിയുമായി കളം നിറഞ്ഞു കളിച്ച പഞ്ചാബ് കിങ്‌സിന്റെ യുവ ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയെ പുകഴ്ത്തി മുന്‍ താരം നവ്‌ജ്യോത് സിങ് സിദ്ദു രംഗത്ത്. ചെന്നൈ സൂപ്പര്‍ കിങ്‌സുമായി കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തിലാണ് പ്രിയാന്‍ഷ് സെഞ്ച്വറി കുറിച്ചത്. വെറും 39 ബോളുകളിലാണ് താരം മൂന്നക്കത്തിലെത്തിയത്. ഇതോടെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അഞ്ചാമത്തെ സെഞ്ച്വറിയെന്ന റെക്കോര്‍ഡും പ്രിയാന്‍ഷിനെ തേടിയെത്തി. കൂടാതെ ഐപിഎല്ലില്‍ ഒരു അണ്‍ക്യാപ്ഡ് ഇന്ത്യന്‍ താരത്തന്റെ വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയായും ഇതു മാറിയിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത അദ്ഭുതമെന്നാണ് 24 കാരനായ ഇടംകൈയന്‍ ബാറ്റർ പ്രിയാൻഷിനെ സിദ്ദു വിശേഷിപ്പിച്ചത്. ഇതിനൊപ്പം സച്ചിന്‍ ടെണ്ടുല്‍ക്കറുമായി പ്രിയാന്‍ഷിനെ സിദ്ദു താരതമ്യം ചെയ്യുകയും ചെയ്തു. ഇന്ത്യക്കു വേണ്ടി പ്രിയാന്‍ഷ് ആര്യ ദീര്‍ഘകാലം കളിക്കും. സച്ചിന്‍ ടെണ്ടുല്‍ക്കറെ പോലെ അവനും ഒരു അത്ഭുതമാണ്. കാരണം ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ വളരെ കടുപ്പമേറിയ സാഹചര്യത്തിലാണ് പ്രിയാന്‍ഷ് സെഞ്ച്വറി കുറിച്ചത്. 250 സ്‌ട്രൈക്ക് റേറ്റിലാണ് താരം സെഞ്ച്വറി കുറിച്ചത്. സിദ്ദു ഇന്‍സ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
കഴിഞ്ഞ മെഗാ ലേലത്തിലാണ് ഡല്‍ഹിയില്‍ നിന്നുള്ള പ്രിയാന്‍ഷിനെ പഞ്ചാബ് സ്വന്തമാക്കിയത്. 3.8 കോടി രൂപയാണ് പ്രിയാൻഷിനായി അവർ മുടക്കിയത്. കഴിഞ്ഞ വര്‍ഷം നടന്ന പ്രഥമ ഡല്‍ഹി പ്രീമിയര് ലീഗിലെ (ഡിപിഎല്‍) ടോപ്‌സ്‌കോറര്‍ കൂടിയായിരുന്നു പ്രിയാൻഷ് ആര്യ. കഴിഞ്ഞ സീസണിലെ സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ ഡല്‍ഹിക്കായി കൂടുതല്‍ റണ്‍സ് അടിച്ചെടുത്തതും പ്രിയാന്‍ഷാണ്.
Content highlights: sidhu praises priyansh arya for his century against csk