
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലെ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു നായകൻ രജത് പാട്ടിദാർ. 'ആർസിബി മുമ്പ് കളിച്ച മത്സരങ്ങളിൽ നിന്ന് ഈ മത്സരത്തിലെ പിച്ച് വ്യത്യസ്തമായിരുന്നു. ഇതൊരു നല്ല ബാറ്റിങ് ട്രാക്കായിരിക്കുമെന്ന് ഞങ്ങൾ കരുതി. എന്നാൽ ആർസിബി നന്നായി ബാറ്റ് ചെയ്തില്ല. നന്നായി ബാറ്റ് ചെയ്യാൻ എല്ലാവർക്കും ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഒരു വിക്കറ്റിന് 80 റൺസെന്ന നിലയിൽ നിന്നും നാല് വിക്കറ്റിന് 90ലേക്ക് തകർന്നത് അംഗീകരിക്കാനാവില്ല.' രജത് പാട്ടിദാർ മത്സരശേഷം പ്രതികരിച്ചു.
'പിച്ചിലെ സാഹചര്യങ്ങളും അവസ്ഥയും വിലയിരുത്തുന്നതിൽ ആർസിബി പരാജയപ്പെട്ടു. അവസാന ഓവറുകളിൽ ടീം ഡേവിഡ് വേഗത്തിൽ സ്കോർ ചെയ്ത രീതി ശരിക്കും അതിശയകരമായിരുന്നു. പവർപ്ലേയിലും ഫാസ്റ്റ് ബൗളർമാർ പന്തെറിഞ്ഞ രീതിയും വളരെ മികച്ചതായിരുന്നു. രജത് പറഞ്ഞു. രാജസ്ഥാൻ റോയൽസിനെതിരെ ജയ്പൂരിൽ നടക്കുന്ന അടുത്ത മത്സരത്തെക്കുറിച്ചും ആർസിബി നായകൻ സംസാരിച്ചു. ഞങ്ങൾക്ക് എവേ മത്സരങ്ങളിൽ നല്ല റെക്കോർഡ് ഉണ്ടെന്ന ചിന്ത മനസ്സിൽ വെക്കുന്നില്ല. ആർസിബിക്ക് നല്ല ക്രിക്കറ്റ് കളിക്കണം എന്നതാണ് മനസിലുള്ളത്.' രജത് പാട്ടിദാർ വ്യക്തമാക്കി.
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ആറ് വിക്കറ്റിന്റെ പരാജയമാണ് റോയൽ ചലഞ്ചേഴ്സ് നേരിട്ടത്. ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 17.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി ക്യാപിറ്റൽസ് ലക്ഷ്യത്തിലെത്തി.
Content Highlights: It would be a nice batting track, but 80 for one, and then 90 for four, not acceptable: Rajat Patidar