
ചെപ്പോക്കിൽ ചെന്നൈയുടെ ടെസ്റ്റ് കളി. ഇങ്ങനെയാണ് ഐപിഎല്ലിൽ ചെന്നൈ കൊൽക്കത്ത ബൗളർമാരെ നേരിടുന്നത് കണ്ടപ്പോൾ ക്രിക്കറ്റ് ലോകം വിലയിരുത്തിയത്. പക്ഷേ ടെസ്റ്റ് കളിക്കുക എളുപ്പമല്ല. 20 ഓവറല്ല 200 ഓവറുകൾ ക്രീസിൽ പിടിച്ചുനിൽക്കണം. 100 അല്ല 500 റൺസെങ്കിലും നേടിയെടുക്കണം. ചെപ്പോക്കിൽ ചെന്നൈയുടെ കളിയെ ടെസ്റ്റ് എന്നല്ല വിശേഷിപ്പിക്കേണ്ടത്. അത് ക്രിക്കറ്റിന്റെ ക്ലാസിക് ഫോർമാറ്റിനെ അപമാനിക്കുന്നതാവും.
ചെപ്പോക്കിൽ ചെന്നൈയ്ക്ക് സംഭവിച്ചതെന്താണ്. ടോസ് ലഭിച്ച കൊൽക്കത്ത നായകൻ അജിൻക്യ രഹാനെ ബൗളിങ് തിരഞ്ഞെടുത്തു. എത്ര വലിയ സ്കോറും പിന്തുടരാൻ കഴിയുന്ന ബാറ്റിങ് നിരയുണ്ടെന്നായിരുന്നു രഹാനെയുടെ ആത്മവിശ്വാസം. നല്ലൊരു തുടക്കം ലഭിക്കണമെന്ന് ധോണി ആഗ്രഹിച്ചിരുന്നു. എന്നാൽ ആരുടെയും സംഭാവന ചെന്നൈയെ മുന്നോട്ട് നയിച്ചില്ല. തുടർച്ചയായ 63 പന്തുകളിൽ ബൗണ്ടറികൾ ഉണ്ടായില്ല. പുറത്താകാതെ 31 റൺസെടുത്ത് ടോപ് സ്കോററായ ശിവം ദുബെ ചെന്നൈ സ്കോർ 100 കടത്തിയെന്ന് മാത്രം.
ചെന്നൈ വിറച്ചിടത്ത് കൊൽക്കത്ത തകർത്തടിച്ചു. 10 ഓവറിൽ അജിൻക്യ രഹാനെയുടെ സംഘം ലക്ഷ്യത്തിലെത്തി. ചില രാത്രികൾ നമ്മുടേതാവില്ല എന്നായിരുന്നു തോൽവിയോട് ധോണിയുടെ പ്രതികരണം. ഡ്വെയ്ൻ ബ്രാവോയ്ക്കും മൊയീൻ അലിക്കും തനിക്കും ചെപ്പോക്കിനെ നന്നായി അറിയാമെന്ന് അജിൻക്യ രഹാനെ.
തോറ്റാലും ചെന്നൈയെ പിന്തുണയ്ക്കുമെന്നും ഇപ്പോഴും പ്ലേ ഓഫ് പ്രതീക്ഷകളുണ്ടെന്നും ആരാധകരിൽ ഒരാൾ പറഞ്ഞു. തോൽവി ഭാരത്തോടെ ചെപ്പോക്ക് വിട്ട ആരാധകർക്ക് ഇനി ഇതാണ് പ്രതീക്ഷ. മഹേന്ദ്ര സിങ് ധോണിയുടെ കീഴിൽ പഴയ ചെന്നൈ സൂപ്പർ കിങ്സ് തിരിച്ചുവരുമെന്നത് തന്നെ.
Content Highlights: CSK defeated by KKR in a huge margin in IPL 2025