
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ നടത്തിയ മികച്ച പ്രകടനത്തിന് പിന്നാലെ പ്രതികരണവുമായി ഡൽഹി ക്യാപിറ്റൽസ് താരം കരുൺ നായർ. താൻ മികച്ച പ്രകടനം നടത്തിയെങ്കിലും ടീമിന് വിജയം നേടാൻ കഴിയാത്തതിൽ ദുഖമുണ്ടെന്നാണ് കരുൺ പറയുന്നത്. 'ഡൽഹി ക്യാപിറ്റൽസ് ജയിക്കാനാണ് കളിക്കുന്നത്. അതുകൊണ്ട് നിരാശയുണ്ട്. ഞാൻ എത്ര റൺസ് നേടിയാലും ടീം ജയിച്ചില്ലെങ്കിൽ അതിനൊരു വിലയുമില്ല. എനിക്ക് ടീമിന്റെ ജയം വളരെ പ്രധാനമായിരുന്നു, അത് സംഭവിച്ചില്ല. പക്ഷേ ഇതൊരു പാഠമാണ്. ഇതിൽ നിന്ന് കാര്യങ്ങൾ മനസിലാക്കി ഡൽഹി മുന്നോട്ട് പോകും. ഇനിയും ഇതുപോലെ കളിക്കാൻ എനിക്ക് സാധിക്കുമെന്നും ഡൽഹി മത്സരങ്ങൾ വിജയിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.' മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ കരുൺ പ്രതികരിച്ചു.
'മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലെ തോൽവിയെക്കുറിച്ചും കരുൺ സംസാരിച്ചു. ഒരു ബാറ്റർ ക്രീസിൽ ഉറച്ച് നിന്ന് പൊരുതണമായിരുന്നു. പുതിയ ബാറ്ററിന് ക്രീസിൽ സെറ്റാകുക എളുപ്പമായിരുന്നില്ല. ഡൽഹിക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടപ്പെട്ടു. അതുകൊണ്ട് അവസാന ഓവറുകളിൽ ഡൽഹിക്ക് ബാറ്റിങ് ബുദ്ധിമുട്ടായി. മുംബൈ ഇന്ത്യൻസ് നന്നായി പന്തെറിയുകയും ഡൽഹി നിരയെ സമ്മർദ്ദത്തിലാക്കുകയും ചെയ്തു.' കരുൺ വ്യക്തമാക്കി.
മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസ് ആവേശ വിജയമാണ് നേടിയത്. 12 റൺസിനാണ് മുംബൈ ഡൽഹിയെ വീഴ്ത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 19 ഓവറിൽ 193 റൺസിൽ എല്ലാവരും പുറത്തായി. 40 പന്തിൽ 89 റൺസ് നേടിയ കരുൺ നായരാണ് ഡൽഹി നിരയിൽ മികച്ച പോരാട്ടം നടത്തിയത്. സീസണിൽ തുടർച്ചയായി നാല് വിജയങ്ങൾ നേടി പരാജയം അറിയാതെ മുന്നേറിയ ഡൽഹി ക്യാപിറ്റൽസിന്റെ ആദ്യ തോൽവിയാണിത്.
Content Highlights: Karun Nair Reacts After DC Suffer Shocking Defeat Against MI In IPL 2025