പന്ത് മാറ്റാൻ ഡ​ഗ്ഔട്ടിൽ നിന്ന് രോഹിത് ശർമയുടെ സന്ദേശം: MI-DC മത്സരത്തിലെ ടേണിങ് പോയിന്റ്

12 ഓവർ പിന്നിടുമ്പോൾ ഡൽഹി മൂന്നിന് 135 എന്ന നിലയിൽ ശക്തമായി നിലയിലായിരുന്നു

dot image

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസ് ആവേശവിജയം നേടിയതിന് പിന്നിലെ ബുദ്ധികേന്ദ്രം രോഹിത് ശർമയെന്ന് സമൂഹമാധ്യമങ്ങൾ. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ നിർണായക ഓവർ പന്തെറിയാൻ കരൺ ശർമയെ ഏൽപ്പിക്കാൻ രോഹിത് ശർമ ഡ​ഗ്ഔട്ടിൽ നിന്നും സി​ഗ്നൽ നൽകിയത് ചൂണ്ടിക്കാട്ടിയാണ് ആരാധകരുടെ പ്രതികരണം.

മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 206 റൺസ് വിജയലക്ഷ്യത്തിലേക്ക് ഡൽഹി അനായാസമാണ് ബാറ്റുവെച്ചത്. 12 ഓവർ പിന്നിടുമ്പോൾ ഡൽഹി മൂന്നിന് 135 എന്ന നിലയിൽ ശക്തമായി നിലയിലായിരുന്നു. 14-ാം ഓവറിൻ്റെ തുടക്കത്തിൽ, അപ്പോൾ ഡഗ്ഔട്ടിലിരുന്ന രോഹിത് ശർമ, പന്ത് മാറ്റാൻ സിഗ്നൽ നൽകി. ഈ സീസണിൻ്റെ തുടക്കത്തിൽ അവതരിപ്പിച്ച പുതിയ ഐപിഎൽ നിയമം അനുസരിച്ച്, രാത്രി മത്സരങ്ങളിൽ പന്തെറിയുന്ന ടീമുകൾക്ക് 10 ഓവറിന് ശേഷം പന്ത് മാറ്റാൻ കഴിയും. ഇത് മഞ്ഞ് വീഴ്ചയുടെ സ്വാധീനം തടയാനുള്ള ഒരു നീക്കമാണ്.

അതിനാൽ മുംബൈ രണ്ടാം പന്ത് തിരഞ്ഞെടുത്തു. ആ ഓവറിലെ മൂന്നാം പന്തിൽ തന്നെ കരൺ ശർമ ട്രിസ്റ്റൻ സ്റ്റമ്പ്സിനെ പുറത്താക്കി. തൊട്ടടുത്ത ഓവറിൽ കെ എൽ രാഹുലിനെയും കരൺ വീഴ്ത്തി. ഓവറിൽ 11 റൺസിലധികം നേടി മുന്നേറുകയായിരുന്ന ഡൽഹിക്ക് അടുത്ത 24 പന്തുകളിൽ നേടാനായത് വെറും 22 റൺസ് മാത്രമായിരുന്നു. വിപ്രാജ് നിഗം അവസാന ഓവറുകളിൽ ചില മികച്ച ഷോട്ടുകളുമായി മുംബൈക്ക് ഭീഷണി ഉയർത്തിയിരുന്നു. 18-ാം ഓവറിൽ മിച്ചൽ സാന്റ്നർ വിപ്രാജിന് വീഴ്ത്തി. പിന്നീട് 19-ാം ഓവറിൽ തുടർച്ചയായ മൂന്ന് റൺഔട്ടുകളിലൂടെ മുംബൈ മത്സരം വിജയിക്കുകയും ചെയ്തു.

മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസ് ആവേശ വിജയമാണ് നേടിയത്. 12 റൺസിനാണ് മുംബൈ ഡൽഹിയെ വീഴ്ത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 19 ഓവറിൽ 193 റൺസിൽ എല്ലാവരും പുറത്തായി. 40 പന്തിൽ 89 റൺസ് നേടിയ കരുൺ നായരാണ് ഡൽഹി നിരയിൽ മികച്ച പോരാട്ടം നടത്തിയത്. സീസണിൽ തുടർച്ചയായി നാല് വിജയങ്ങൾ നേടി പരാജയം അറിയാതെ മുന്നേറിയ ഡൽഹി ക്യാപിറ്റൽസിന്റെ ആ​ദ്യ തോൽവിയാണിത്.

Content Highlights: Rohit Sharma's masterstroke from MI dugout

dot image
To advertise here,contact us
dot image