
ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ സ്കോർ പ്രതിരോധിച്ച ടീമായി പഞ്ചാബ് കിങ്സ്. കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സിന് 15.3 ഓവറിൽ 111 റൺസ് മാത്രമാണ് നേടാനായത്. മറുപടി ബാറ്റിങ്ങിൽ 15.1 ഓവറിൽ 95 റൺസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പോരാട്ടം അവസാനിച്ചു. ഐപിഎല്ലിന്റെ രണ്ടാം പതിപ്പിൽ ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയ റെക്കോർഡാണ് 16 വർഷങ്ങൾക്ക് ശേഷം തിരുത്തിക്കുറിച്ചിരിക്കുന്നത്.
2009ലെ ഐപിഎല്ലിൽ അന്നത്തെ കിങ്സ് ഇലവൻ പഞ്ചാബിനെതിരെയായിരുന്നു ചെന്നൈ സൂപ്പർ കിങ്സ് ചെറിയ സ്കോറിന്റെ റെക്കോർഡിട്ടത്. അന്ന് ഇന്ത്യയിൽ പൊതുതിരഞ്ഞെടുപ്പായിരുന്നതിനാൽ ദക്ഷിണാഫ്രിക്കയായിരുന്നു ഐപിഎല്ലിന് വേദിയായത്. ബൗൺസും പേസും നിറഞ്ഞ ദക്ഷിണാഫ്രിക്കയിലെ പിച്ചുകളിൽ പലമത്സരങ്ങളിലും വലിയ റൺസ് പിറന്നില്ല. ചെറിയ സ്കോറുകൾ പോലും പ്രതിരോധിക്കപ്പെട്ടു.
അന്ന് സെമി ഫൈനലിൽ കടക്കാൻ പഞ്ചാബിന് ചെന്നൈയ്ക്കെതിരെ വലിയ വിജയം ആവശ്യമായിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് നേടിയത് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 116 റൺസ് മാത്രമായിരുന്നു. 32 റൺസെടുത്ത പാർത്ഥിവ് പട്ടേലായിരുന്നു ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിൽ കിങ്സ് ഇലവൻ പഞ്ചാബ് 20 ഓവറിൽ നേടിയത് വെറും 92 റൺസ് മാത്രം. 24 റൺസിന്റെ വിജയം ചെന്നൈ സൂപ്പർ കിങ്സിനെ ഐപിഎല്ലിന്റെ സെമിയിലെത്തിച്ചു.
2018ലെ ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് 118 റൺസ് പ്രതിരോധിച്ചിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് 18.4 ഓവറിൽ 118 റൺസിൽ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ 18.5 ഓവറിൽ മുംബൈ ഇന്ത്യൻസ് സ്കോർ 87ൽ ഒതുങ്ങി. ഏറെക്കാലം സൺറൈസേഴ്സ് ഹൈദരാബാദ് ഏത് കുറഞ്ഞ സ്കോറും പ്രതിരോധിക്കുന്ന ടീമായി അറിയപ്പെട്ടിരുന്നു. എന്നാൽ ഐപിഎൽ മുന്നോട്ടുപോയതോടെ പിച്ചുകൾ കൂടുതൽ ബാറ്റർമാർക്ക് അനുകൂലമായി. 250 അനായാസം പിറക്കുന്ന ഐപിഎല്ലിന്റെ കാലത്താണ് പഞ്ചാബ് കിങ്സ് 111 റൺസ് പ്രതിരോധിച്ച് വിജയിച്ചത്.
Content Highlights: Lowest Scores Defended In IPL