
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ആവേശ വിജയത്തിൽ പ്രതികരണവുമായി പഞ്ചാബ് കിങ്സ് പരിശീലകൻ റിക്കി പോണ്ടിങ്. 'എന്റെ ഹൃദയമിടിപ്പ് ഇപ്പോഴും ഉയർന്നു നിൽക്കുന്നു. രണ്ട് ദിവസം മുൻപ് പഞ്ചാബിന് 240 റൺസ് പ്രതിരോധിക്കാൻ കഴിഞ്ഞില്ല. എന്നാൽ ചെറിയൊരു സ്കോർ പ്രതിരോധിക്കാൻ കഴിയുന്നു. പിച്ചിന്റെ സ്വഭാവം മാറിയത് മത്സരത്തിലെ വിജയത്തിൽ നിർണായകമായി.' റിക്കി പോണ്ടിങ് മത്സരശേഷം പ്രതികരിച്ചു.
യൂസ്വേന്ദ്ര ചഹലിന്റെ പ്രകടനത്തെക്കുറിച്ചും പോണ്ടിങ് സംസാരിച്ചു. 'കൊൽക്കത്തയ്ക്കെതിരായ മത്സരത്തിന് മുൻപ് ചാഹലിന് ഫിറ്റ്നസ് ടെസ്റ്റ് ഉണ്ടായിരുന്നു. ചാഹൽ കളിക്കാൻ തയ്യാറാണോയെന്ന് ഞാൻ ചോദിച്ചു. ചഹൽ കളിക്കാൻ തയ്യാറാണെന്ന് അറിയിച്ചു. പഞ്ചാബ് ബാറ്റിങ് മോശമായിരുന്നു, പക്ഷേ, ഞങ്ങൾ ഒരു ചെറിയ മാർജിനിൽ തോറ്റിരുന്നെങ്കിൽ, ഇത് സീസണിലെ ഒരു നിർണായക നിമിഷമായി ഞാൻ കരുതുമായിരുന്നു. ഇത്ര കുറഞ്ഞ സ്കോർ പ്രതിരോധിക്കാൻ ക്രിക്കറ്റിൽ ഒരുപാട് തവണ സാധിക്കില്ല. ഒരു കോച്ച് എന്ന നിലയിൽ ഞാൻ നേടിയതിൽ വെച്ച് ഏറ്റവും മികച്ച വിജയമാണിത്.' റിക്കി പോണ്ടിങ് വ്യക്തമാക്കി.
ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനോട് 16 റൺസിനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പരാജയപ്പെട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് 15.3 ഓവറിൽ 111 റൺസിൽ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ 15.1 ഓവറിൽ 95 റൺസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പോരാട്ടം അവസാനിച്ചു.
Content Highlights: The heart rate is still up there says Ricky Ponting