സെഞ്ച്വറി ഇനിയും നേടാം, ടീമിന്റെ ജയമാണ് മുഖ്യം; ബട്ട്ലർ തെവാട്ടിയയോട്; ഈ താരത്തെയാണോ RR പുറത്തിട്ടത്?

അവസാന ഓവറിൽ ഗുജറാത്തിന് വിജയിക്കാൻ പത്ത് റൺസ് ആവശ്യമായിരിക്കെ ബട്ട്ലർ സെഞ്ച്വറിക്ക് മൂന്ന് റൺസ് മാത്രം അകലെയായിരുന്നു

dot image

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിന് ശേഷം മനസ്സ് തുറന്ന് ജോസ് ബട്ട്ലർ. അവസാന ഓവറിൽ ഗുജറാത്തിന് വിജയിക്കാൻ പത്ത് റൺസ് ആവശ്യമായിരിക്കെ ബട്ട്ലർ സെഞ്ച്വറിക്ക് മൂന്ന് റൺസ് മാത്രം അകലെയായിരുന്നു. എന്നാൽ തന്റെ സെഞ്ച്വറി നോക്കേണ്ടെന്നും രാഹുൽ തെവാട്ടിയയോട് ലക്ഷ്യത്തിലേക്ക് ബാറ്റ് വീശാൻ നിർദേശിച്ചുവെന്നും മത്സരത്തിന് ശേഷം ബട്ട്ലർ വെളിപ്പെടുത്തി. സെഞ്ച്വറി അവസരങ്ങൾ ഇനിയുമുണ്ടാകുമെന്നും ടീമിന്റെ വിജയത്തിനായാണ് എല്ലായ്‌പോഴും ശ്രമിക്കേണ്ടതെന്നും ബട്ട്ലർ ഓർമപ്പെടുത്തിയതായി തെവാട്ടിയയും പറഞ്ഞു.

അവസാന ഓവറിൽ ജയിക്കാൻ 10 റൺസ് വേണമെന്നിരിക്കെ സ്റ്റാർക്കിന്റെ ആദ്യ ബോൾ സിക്‌സും രണ്ടാം ബോൾ ഫോറും അടിച്ച് തെവാട്ടിയ ഗുജറാത്തിനെ വിജയിപ്പിച്ചിരുന്നു. പത്തൊമ്പതാം ഓവറിന്റെ അവസാന പന്തിൽ സ്ട്രൈക്ക് നേടാൻ അവസരമുണ്ടായിട്ടും ബട്ട്ലർ സിംഗിൾ ഓടുകയും ചെയ്തിരുന്നു. ഒട്ടും സെൽഫിഷ് ആവാതെ ടീം പ്‌ളേക്ക് പ്രാധാന്യം നൽകിയ ബട്ലറുടെ മനസ്സിന് കയ്യടിക്കുയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകം.

അതേ സമയം എട്ട് വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് എടുത്ത ഡൽഹിയെ ഗുജറാത്ത് നാല് ബോൾ ശേഷിക്കെയാണ് മറികടന്നത്. ഗുജറാത്തിന് വേണ്ടി ബട്ട്ലർ 97 റൺസ് നേടി. 54 പന്തിൽ നാല് സിക്സറുകളും 11 ഫോറുകളും അടക്കമാണ് 97 റൺസ് നേടിയത്. 34 പന്തിൽ 43 റൺസെടുത്ത് റൂഥർഫോഡും 36 റൺസെടുത്ത് സായ് സുദർശനും ഗുജറാത്തിനായി ഭേദപ്പെട്ട സംഭാവന നൽകി.

ജയത്തോടെ ഏഴ് മത്സരങ്ങളിൽ നിന്ന് പത്ത് പോയിന്റോടെ ഗുജറാത്ത് ഒന്നാം സ്ഥാനത്തെത്തി. ഇതേ പോയിന്റോടെ ഡൽഹി രണ്ടാം സ്ഥാനത്തേക്ക് വീണു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്‍ഹിക്ക് വേണ്ടി ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലാണ് ഉയര്‍ന്ന സ്‌കോര്‍ നേടിയത്. താരം 39 റൺസ് നേടി. അഷുതോഷ് ശര്‍മ 37, ട്രിസ്റ്റണ്‍ സ്റ്റബ്‌സ് 31, കെ എല്‍ രാഹുല്‍ 28, കരുണ്‍ നായര്‍ 31 എന്നിവരും നിര്‍ണായക സംഭാവന നല്‍കി. ഗുജറാത്തിന് വേണ്ടി പ്രസിദ്ധ് കൃഷ്ണ നാല് വിക്കറ്റ് വീഴ്ത്തി.

Content highlights:Jos Buttler selfishless play for gujarat titans

dot image
To advertise here,contact us
dot image