ചോരാത്ത കൈകളും പിഴയ്ക്കാത്ത ബൗളിങ്ങും; പഞ്ചാബിനെതിരെ ക്രുനാൽ പാണ്ഡ്യ ഷോ

പഞ്ചാബിന്റെ രണ്ട് ഓപണർമാരെയും വീഴ്ത്തിയത് ക്രുനാൽ പാണ്ഡ്യയാണ്

dot image

ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരെ തകർപ്പൻ ബൗളിങ്ങുമായി റോയൽ ചലഞ്ചേഴ്സ് താരം ക്രുനാൽ പാണ്ഡ്യ. നാല് ഓവറിൽ 25 റൺസ് വിട്ടുകൊടുത്ത താരം വീഴ്ത്തിയത് പഞ്ചാബ് മുൻനിരയിലെ താരങ്ങളുടെ വിക്കറ്റുകളാണ്. ഒപ്പം തകർപ്പൻ ഒരു ക്യാച്ചും ക്രുനാൽ പാണ്ഡ്യ സ്വന്തമാക്കി.

മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് കിങ്സ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പേസ് ബൗളർമാർക്ക് പിച്ചിൽ നിന്ന് കാര്യമായ പിന്തുണ ലഭിക്കാതെ വന്നതോടെ പഞ്ചാബിനായി പ്രിയാൻഷ് ആര്യയും പ്രഭ്സിമ്രാൻ സിങ്ങും മികച്ച തുടക്കം നൽകി. 15 പന്തിൽ പ്രിയാൻഷ് 22 റൺസും 17 പന്തിൽ പ്രഭ്സിമ്രാൻ 33 റൺസും നേടി. എന്നാൽ ക്രുനാൽ പാണ്ഡ്യ പന്തെടുത്തതോടെ കളി മാറി. പഞ്ചാബിന്റെ രണ്ട് ഓപണർമാരെയും വീഴ്ത്തിയത് ക്രുനാൽ പാണ്ഡ്യയാണ്. രണ്ട് പേരുടെയും ക്യാച്ച് സ്വന്തമാക്കിയത് ടിം ഡേവിഡാണ്.

പഞ്ചാബ് നായകൻ ശ്രേയസ് അയ്യരെ വീഴ്ത്തുന്നതിലും ക്രുനാലിന്റെ സാന്നിധ്യം നിർണായകമായിരുന്നു. റൊമാരിയോ ഷെപ്പേർഡിനെ ഉയർത്തി അടിച്ച അയ്യരെ തകർപ്പൻ ഒരു ക്യാച്ചിലൂടെ ക്രുനാൽ പിടികൂടി. മത്സരം 16 ഓവർ പിന്നിടുമ്പോൾ പഞ്ചാബ് കിങ്സ് ആറ് വിക്കറ്റ് നഷ്ടത്തിൽ 129 റൺസെന്ന നിലയിലാണ്. ക്രുനാലിനെ കൂടാതെ സ്പിന്നർ സുയാഷ് ശർമയും രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

Content Highlights: Krunal Pandya strikes twice as Punjab loses momentum

dot image
To advertise here,contact us
dot image