ശ്രേയസ് അയ്യരും ഇഷാൻ കിഷനും തിരിച്ചെത്തി, കോഹ്‌ലിയും രോഹിതും എ പ്ലസിൽ തന്നെ; ബിസിസിഐ വാർഷിക കരാർ പ്രഖ്യാപിച്ചു

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ആർ അശ്വിനെ കരാറിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സഞ്ജു സാംസൺ സി ഗ്രേഡിൽ.

dot image

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ 2024-25 സീസണിലേയ്ക്കുള്ള വാർഷിക കരാർ പ്രഖ്യാപിച്ച് ബിസിസിഐ. കഴിഞ്ഞ സീസണിൽ കരാറിൽ ഇടംപിടിക്കാതിരുന്ന ശ്രേയസ് അയ്യരും ഇഷാൻ കിഷാനും ഈ സീസണിലെ വാർഷിക കരാറിൽ ഇടംപിടിച്ചിട്ടുണ്ട്. ശ്രേയസ് അയ്യരെ ​​ഗ്രേഡ് ബിയിലേയ്ക്കും ഇഷാൻ കിഷനെ ​​സി ​ഗ്രേഡിലേയ്ക്കുമാണ് തിരിച്ചെടുത്തിരിക്കുന്നത്.

രോഹിത് ശർമ്മയും വിരാട് കോഹ്ലിയും, രവീന്ദ്ര ജഡേജയും, ജസ്പ്രീത് ബുംറയും ഏറ്റവും ഉയർന്ന കാറ്റ​ഗറിയായ എ പ്ലസ് ​ഗ്രേഡിൽ ഇടം നിലനിർത്തി. ടി20യിൽ വിരമിച്ച മുതിർന്ന താരങ്ങളായ രോഹിത് ശർമ്മ, വിരാട് കോഹ്ലി,, രവീന്ദ്ര ജഡേജ എന്നിവരെ എ പ്ലസ് ​​ഗ്രേഡിൽ ബിസിസിഐ നിലനിർത്തുമോ എന്ന് ആകാംക്ഷ നിലനിന്നിരുന്നു. എന്നാൽ ഇന്ത്യൻ ഏകദിന-ടെസ്റ്റ് ടീമുകളുടെ ഭാ​ഗമായ മൂവരെയും എ പ്ലസ് ​ഗ്രേഡിൽ ബിസിസിഐ നിലനി‍ർത്തുകയായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ആർ അശ്വിനെ കരാറിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. റിഷഭ് പന്ത് ​ഗ്രേഡ് ബി വിഭാ​ഗത്തിൽ നിന്നും ​ഗ്രേഡ് എ വിഭാ​ഗത്തിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

34 താരങ്ങളാണ് ബിസിസിഐയുടെ 2024-25 വർഷത്തെ വാർഷിക കരാറിൽ ഇടംപിടിച്ചിരിക്കുന്നത്. ഇതിൽ നിലവിലുണ്ടായിരുന്ന എ ​പ്ലസ് ​ഗ്രേഡിലെ കളിക്കാർക്ക് മാറ്റമില്ല. എ ​ഗ്രേഡിലേയ്ക്ക് റിഷഭ് പന്താണ് പുതിയതായി ഉൾപ്പെടുത്തപ്പെട്ടത്. വിരമിച്ച ആർ ആശ്വിൻ എ ​ഗ്രേഡിൽ നിന്നും പുറത്തായി. ബി ​ഗ്രേഡിലേയ്ക്ക് ശ്രേയസ് അയ്യർ തിരികെയെത്തിയതും റിഷഭ് പന്തിന് എ ​ഗ്രേഡിലേയ്ക്ക് പ്രമോഷൻ ലഭിച്ചതുമാണ് നിലവിൽ വരുത്തിയിരിക്കുന്ന മാറ്റം. സി ​ഗ്രേഡിലേയ്ക്ക് ഇഷാൻ കിഷൻ മടങ്ങിയെത്തിയപ്പോൾ നിതീഷ് കുമാർ റെഡ്ഡി, അഭിഷേക് ശർമ്മ, അകാഷ് ദീപ്, വരുൺ ചക്രവർത്തി, ഹർഷിത് റാണ എന്നിവർ പുതിയതായി ഇടംപിടിച്ചു. ജിതേഷ് ശർമ്മ, ഷാർദ്ദൂൽ താക്കൂർ എന്നിവർ ​ഗ്രേഡ് സിയിൽ നിന്നും പുറത്തായി. ഒക്ടോബർ 1 2024 മുതൽ 2025 സെപ്തംബർ 30 വരെയുള്ള കാലയളവിലേയ്ക്കാണ് പുതിയ വാർഷിക കരാർ ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്.

ബിസിസിഐ വാർഷിക കരാറിൽ ഉൾപ്പെട്ട താരങ്ങൾ

  • ഗ്രേഡ് എ+
  • രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ.
  • ഗ്രേഡ് എ
  • മുഹമ്മദ് സിറാജ്, കെഎൽ രാഹുൽ, ശുഭ്മാൻ ഗിൽ, ഹാർദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, ഋഷഭ് പന്ത്
  • ഗ്രേഡ് ബി
  • സൂര്യകുമാർ യാദവ്, കുൽദീപ് യാദവ്, അക്സർ പട്ടേൽ, യശസ്വി ജയ്സ്വാൾ, ശ്രേയസ് അയ്യർ
  • ഗ്രേഡ് സി
  • റിങ്കു സിംഗ്, തിലക് വർമ, റുതുരാജ് ഗെയ്‌ക്‌വാദ്, ശിവം ദുബെ, രവി ബിഷ്‌ണോയ്, വാഷിംഗ്ടൺ സുന്ദർ, മുകേഷ് കുമാർ, സഞ്ജു സാംസൺ, അർഷ്‌ദീപ് സിംഗ്, പ്രശസ്ത് കൃഷ്ണ, രജത് പതിദാർ, ധ്രുവ് ജുറെൽ, സർഫറാസ് ഖാൻ, നിതീഷ് കുമാർ റെഡ്ഡി, ഇഷാൻ കിഷൻ, അഭിഷേക് ശർമ്മ, ആകാശ് ദീപ്, വരുൺ ചക്രവർത്തി, ഹർഷിത് റാണ

Content Highlights: Shreyas Iyer, Ishan Kishan back as BCCI announces annual contracts for 2024-25

dot image
To advertise here,contact us
dot image