എറിഞ്ഞിട്ട് ഏദനും നിധീഷും, വമ്പൻ ടോട്ടൽ പിന്തുടർന്ന് രോഹൻ; ഒമാനെതിരെ കേരളത്തിന് ആവേശ ജയം

109 പന്തിൽ 12 ഫോറും നാല് സിക്സറും സഹിതം 122 റൺസ് കുന്നുന്മലിന്റെ ബാറ്റിൽ നിന്ന് പിറന്നു

dot image

ഒമാനെതിരായ അഞ്ച് ഏകദിനങ്ങൾ ഉൾപ്പെട്ട ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ കേരളത്തിന് വിജയം. അമീറാത്ത് ക്രിക്കറ്റ് അക്കാദമിക് ഗ്രൗണ്ടിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ അവസാന ഓവർ വരെ നീണ്ട ത്രില്ലറിൽ നാല് വിക്കറ്റിനാണ് കേരളം ഒമാൻ ചെയര്‍മാൻ ഇലവനെ കീഴടക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഒമാൻ 50 ഓവറിൽ 326 റൺസിൽ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ 49.1 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് കേരളം ലക്ഷ്യത്തിലെത്തിയത്.

നേരത്തെ ടോസ് നേടിയ കേരളം ഒമാനെ ബാറ്റിങ്ങിനയച്ചു. ഓപണിങ് സഖ്യത്തിന്റെ തകർപ്പൻ പ്രകടനമാണ് ഒമാനെ മികച്ച സ്കോറിലേക്ക് നയിച്ചത്. ആദ്യ വിക്കറ്റിൽ ഒമാൻ ഓപണർമാർ 137 റൺസാണ് കൂട്ടിച്ചേർത്തത്. ജതീന്ദർ സീങ് 150 റൺസും അമീർ കലീം 73 റൺസും നേടി. ഓപണർമാർ നൽകിയ മികച്ച തുടക്കം പിന്നാലെ വന്നവർക്ക് മുതലാക്കാൻ കഴിയാതെ പോയതോടെയാണ് 326 എന്ന സ്കോറിൽ ഒമാൻ പോരാട്ടം അവസാനിച്ചത്. കേരളത്തിനായി എം ഡി നിധീഷും ഏദൻ ആപ്പിൾ ടോമും നാല് വിക്കറ്റുകൾ വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ 23 റൺസെടുത്ത അഹമ്മദ് ഇമ്രാനും റൺസെടുക്കും മുമ്പെ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറൂദിനും പുറത്താകുമ്പോൾ കേരളത്തിന്റെ സ്കോർ 67ൽ എത്തിയിരുന്നതെയുള്ളൂ. മൂന്നാം വിക്കറ്റിൽ രോഹൻ കുന്നുന്മലും സൽമാൻ നിസാറും ഒത്തുചേർന്നതോടെയാണ് കേരളത്തിന്റെ സ്കോർ മുന്നോട്ട് നീങ്ങിയത്. 109 പന്തിൽ 12 ഫോറും നാല് സിക്സറും സഹിതം 122 റൺസ് കുന്നുന്മലിന്റെ ബാറ്റിൽ നിന്ന് പിറന്നു. 91 പന്തിൽ എട്ട് ഫോറും രണ്ട് സിക്സറും ഉൾപ്പെടെ സൽമാൻ നിസാർ 87 റൺസും സംഭാവന ചെയ്തു. ഇരുവരും ചേർന്ന മൂന്നാം വിക്കറ്റിൽ 146 റൺസാണ് കൂട്ടിച്ചേർത്തത്.

അഞ്ചാമനായി ക്രീസിലെത്തിയ ഷോൺ റോജറും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 48 പന്തിൽ രണ്ട് ഫോറും രണ്ട് സിക്സറും ഉൾപ്പെട്ട റോജറിന്റെ ഇന്നിങ്സിൽ 56 റൺസാണ് പിറന്നത്. വിജയലക്ഷ്യത്തിന് ആറ് റൺസ് അകലെയാണ് റോജർ വീണത്. ഒമാനായി ഹുസനൈൻ അലി ഷാ നാല് വിക്കറ്റുകൾ വീഴ്ത്തി. 23നാണ് പരമ്പരയിലെ അടുത്ത മത്സരം.

Content Highlights: Kerala's thrilling 4-wicket win against Oman Chairman's XI

dot image
To advertise here,contact us
dot image