'ടി20യിൽ എല്ലാം അപ്രതീക്ഷിതമായി സംഭവിക്കും, ഇനിയും തിരിച്ചുവരവിന് ശ്രമിക്കും': പാറ്റ് കമ്മിൻസ്

'ഐപിഎൽ സീസൺ ഇതുവരെ സൺറൈസേഴ്സിന് അനുകൂലമായിരുന്നില്ല'

dot image

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലെ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി സൺറൈസേഴ്സ് ഹൈദരാബാദ് ടീം നായകൻ പാറ്റ് കമ്മിൻസ്. 'ആദ്യ മത്സരത്തിൽ സൺറൈസേഴ്സിന് 280ൽ അധികം റൺസ് നേടാൻ സാധിച്ചു. എന്നാൽ പിന്നീടുള്ള മത്സരങ്ങളിൽ അതിന് സാധിച്ചില്ല. കാരണം ട്വന്റി 20യിൽ എല്ലാം അപ്രതീക്ഷിതമായി സംഭവിക്കും. എന്താണ് സംഭവിക്കുന്നതെന്ന് പ്രവചിക്കാൻ കഴിയില്ല.' ഇനിയുള്ള എവേ മത്സരങ്ങളിൽ തിരിച്ചുവരാൻ കഴിയുമെന്നും മത്സരശേഷം സൺറൈസേഴ്സ് നായകൻ പ്രതീക്ഷ പ്രകടിപ്പിച്ചു.

'മുംബൈ ഇന്ത്യൻസിനെതിരെ ഹെൻ‍റിച്ച് ക്ലാസനും അഭിനവ് മനോഹറും ചേർന്നാണ് സൺറൈസേഴ്സിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. എന്നാൽ ആർക്കും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. ഒരു താരം അവസാനം വരെ ടീമിനായി ക്രീസിൽ നിൽക്കേണ്ടതായിരുന്നു. പക്ഷേ ആർക്കും അതിന് സാധിച്ചില്ല.' പാറ്റ് കമ്മിൻസ് പറഞ്ഞു.

'മത്സരം തുടങ്ങും മുമ്പ് സൺറൈസേഴ്സ് താരങ്ങൾ പിച്ചിനെക്കുറിച്ച് സംസാരിച്ചിരുന്നു. എല്ലാ മത്സരങ്ങൾക്ക് മുമ്പും പിച്ചിനെ വിലയിരുത്തേണ്ടതുണ്ട്. സ്കോർബോർഡ് 0-0 എന്നാണ് ആരംഭിക്കുന്നത്. അവിടെ നിന്നും മികച്ച സ്കോറിലേക്കെത്താൻ ശ്രമിക്കണം. ഐപിഎൽ സീസൺ ഇതുവരെ സൺറൈസേഴ്സിന് അനുകൂലമായിരുന്നില്ല. ഞങ്ങൾക്ക് ഇനി കുറച്ച് മത്സരങ്ങൾ എതിരാളികളുടെ സ്റ്റേഡിയത്തിൽ നടക്കും. പിച്ചിന്റെ സ്വഭാവം മനസിലാക്കി ശ്രദ്ധയോടെ കളിക്കാൻ ശ്രമിക്കേണ്ടതുണ്ട്.' പാറ്റ് കമ്മിൻസ് വ്യക്തമാക്കി.

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് സൺറൈസേഴ്സ് ഹൈദരാബാദ് പരാജയപ്പെട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുത്തിട്ടുണ്ട്. മറുപടി ബാറ്റിങ്ങിൽ 15.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മുംബൈ ഇന്ത്യൻസ് വിജയലക്ഷ്യത്തിലെത്തി.

Content Highlights: In T20, you don't know what happens said SRH captain Pat Cummins

dot image
To advertise here,contact us
dot image