
ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്‌സ് സൺറൈസേഴ്സ് ഹൈദരാബാദ് പോരാട്ടം. കളിച്ച എട്ട് മത്സരങ്ങളിൽ ആറിലും തോറ്റാണ് ചെന്നൈയും ഹൈദരാബാദും ഇന്ന് നേർക്കുനേർ ഇറങ്ങുന്നത്. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താൻ ഇരുടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വൈകീട്ട് 7.30നാണ് മത്സരം.
സീസണ്‍ പകുതി പിന്നിട്ടിട്ടും മികച്ച പ്ലേയിംഗ് ഇലവനെ കണ്ടെത്താനാകാത്തതാണ് ചെന്നൈയുടെ വെല്ലുവിളി. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇതുവരെ മൂർച്ച കണ്ടെത്താനായിട്ടില്ല. ഫോമിലുണ്ടായിരുന്ന റുതുരാജിന് പരിക്കേറ്റതും തിരിച്ചടിയായി. അതേസമയം സീസൺ തുടങ്ങുന്നതിന് മുമ്പ് 300+ സ്കോർ പ്രതീക്ഷിച്ചിരുന്ന ടീമായിരുന്നു ഹൈദരാബാദ്. പാറ്റ് കമ്മിൻസിന്റെ ക്യാപ്റ്റൻസിക്കെതിരെയും ചോദ്യങ്ങളുയരുന്നു.
ഐപിഎൽ ബലാബലത്തിൽ ചെന്നൈക്ക് വ്യക്തമായ മുൻതൂക്കമുണ്ട്. ഇരുടീമുകളും 21 മത്സരങ്ങളിലാണ് നേർക്കുനേർ വന്നത്. ഇതിൽ പതിനഞ്ചിലും ജയം ചെന്നൈക്കൊപ്പമായിരുന്നു. ചെപ്പോക്കിൽ ഒരു തവണ പോലും ഹൈദരാബാദിന് ജയിക്കാനായിട്ടില്ല.
Content Highlights: sunrisers hyderabad vs chennai super kings ipl match