
ലോകകപ്പ് മത്സരങ്ങൾ കളിക്കുന്നതിനായി ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നില്ലെന്ന് പാക് വനിതാ ക്രിക്കറ്റ് താരം ഗുൽ ഫെറോസ. ഏകദിന വനിതാ ലോകകപ്പ് ഇന്ത്യയിലാണ് നടക്കുന്നതെങ്കിലും ഏഷ്യയിലെ മറ്റേതെങ്കിലും രാജ്യത്താവും ടീം കളിക്കുകയെന്ന് ഗുൽ ഫെറോസ പറഞ്ഞു. നേരത്തെ പാകിസ്താൻ ടീം ഇന്ത്യയിലേക്ക് വരില്ലെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡും പ്രഖ്യാപിച്ചിരുന്നു.
'ശ്രീലങ്കയിലോ ദുബായിലോ കളിക്കാൻ സാധിക്കുമെന്നാണ് ടീം പ്രതീക്ഷിക്കുന്നത്. പാകിസ്താന്റെ ലോകകപ്പ് ക്വാളിഫയർ മത്സരങ്ങൾ പാകിസ്താനിൽ തന്നെയായിരുന്നു നടന്നത്. അതിന് അനുസരിച്ചാണ് പിച്ചുകൾ തയാറാക്കിയത്. ലോകകപ്പ് എവിടെ കളിച്ചാലും പാകിസ്താനിലേതുപോലുള്ള ഗ്രൗണ്ടാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്', പാക്ക് വനിതാ ക്രിക്കറ്റ് താരം വ്യക്തമാക്കി.
ഈ വർഷം സെപ്റ്റംബർ– ഒക്ടോബർ മാസങ്ങളിലാണ് വനിതാ ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. ഐസിസി ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങൾ മാത്രം ദുബായിലാണ് നടത്തിയത്. പാകിസ്താനിൽ സുരക്ഷാ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബിസിസിഐ വാശിപിടിച്ചതോടെയാണ് ഐസിസി വഴങ്ങിയത്. ഇതോടപ്പം ഇന്ത്യ ആതിഥേയരാകുന്ന ടൂർണമെന്റുകളിൽ പാകിസ്താന്റെ മത്സരങ്ങൾ ഇതുപോലെ സ്വതന്ത്ര വേദിയിൽ നടത്താൻ തീരുമാനമായിരുന്നു.
Content Highlights:Pakistan Cricketer Gull Feroza On Playing odi world cup In India