
ഐപിഎല്ലിൽ മോശം പ്രകടനം നടത്തുന്ന ചെന്നൈ സൂപ്പർ കിങ്സ് ബാറ്റർമാരെ വിമർശിച്ച് ഇന്ത്യൻ മുൻ താരം വിരേന്ദർ സെവാഗ്. 'പകുതിയോളം ചെന്നൈ ബാറ്റർമാർ എപ്പോഴാണ് നാട്ടിലേക്ക് പോകാൻ സാധിക്കുക എന്നാണ് ചോദിക്കുന്നത്. ഈ ടൂർണമെന്റ് ഒന്ന് അവസാനിക്കട്ടെ.' ക്രിക്ബസിനോട് സംസാരിക്കവെ സെവാഗ് പറഞ്ഞു.
'ചെന്നൈ നിരയിൽ ഒരാളെങ്കിലും ഉത്തരവാദിത്തത്തോടെ കളിക്കണമായിരുന്നു. കഴിഞ്ഞ മത്സരത്തിൽ ഡെവാൾഡ് ബ്രെവിസ് ആ റോളാണ് കളിച്ചിരുന്നത്. പക്ഷേ നിർണായക സയമത്ത് ബ്രെവിസ് പുറത്തായി. ജഡേജയുടെ സ്ട്രൈക്ക് റേറ്റ് മോശമാണ്. എങ്കിലും 15-18 ഓവർ വരെ
ജഡേജ ക്രീസിൽ നിൽക്കണമായിരുന്നു. അപ്പോൾ സഹതാരങ്ങൾക്ക് ജഡേജയ്ക്ക് പിന്തുണ നൽകാൻ സാധിക്കുമായിരുന്നു.' സെവാഗ് കൂട്ടിച്ചേർത്തു.
'സാം കറൻ മൂന്നാം നമ്പറിൽ എന്തിനാണ് ഇറങ്ങുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ദുബായിലെ അന്താരാഷ്ട്ര ട്വന്റി 20യിൽ നാലാം നമ്പറിൽ സാം ബാറ്റ് ചെയ്തിട്ടുണ്ട്. ആ റോൾ നന്നായി കളിക്കാൻ സാമിന് കഴിഞ്ഞിരുന്നു. പക്ഷേ, ചെന്നൈയിൽ ബ്രെവിസ് ഉള്ളപ്പോൾ അവനെ മൂന്നാം നമ്പറിൽ കളിപ്പിക്കണം. നാലാം നമ്പറിൽ ദുബെ വരണം. പിന്നാലെ ജഡേജ, സാം കറൻ, ദീപക് ഹൂഡ എന്നിവരെത്തണം. ചെന്നൈ ഇപ്പോൾ റുതുരാജ് ഗെയ്ക്‌വാദിനെ നഷ്ടമായതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.' സെവാഗ് വ്യക്തമാക്കി.
ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്സ് ഏറെ മോശം പ്രകടനമാണ് നടത്തുന്നത്. ഒമ്പത് മത്സരങ്ങൾ പിന്നിടുമ്പോൾ ചെന്നൈയ്ക്ക് രണ്ടിൽ മാത്രമാണ് വിജയിക്കാൻ സാധിച്ചത്. പോയിന്റ് ടേബിളിൽ അവസാന സ്ഥാനക്കാരാണ് ചെന്നൈ. ഐപിഎൽ സീസണിൽ ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകളും അവസാനിച്ചിരിക്കുകയാണ്.
Content Highlights: CSK's Strategy Brutally Slammed By Virender Sehwag