
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി ലഖ്നൗ സൂപ്പർ ജയന്റ്സ് ടീം മെന്റർ സഹീർ ഖാൻ. താരലേലത്തിൽ ലഭിച്ച വലിയ തുകയാണോ പന്തിന്റെ മോശം പ്രകടനത്തിന് കാരണമാകുന്നതെന്നായിരുന്നു സഹീർ നേരിട്ട ചോദ്യങ്ങളിലൊന്ന്. എന്നാൽ അങ്ങനെയൊന്നും കരുതുന്നില്ലെന്നായിരുന്നു സഹീറിന്റെ മറുപടി.
'ഞാനതിനെ അത്തരത്തിലുള്ള ഒന്നുമായി താരതമ്യം ചെയ്യില്ല. റിഷഭ് ഒരു മികച്ച ലീഡറാണ്. ലഖ്നൗ നായകനെന്ന നിലയിൽ റിഷഭ് മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. അതെനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും', മത്സരത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ സഹീർ ഖാൻ പ്രതികരിച്ചു.
'ലഖ്നൗ നിരയിലെ എല്ലാ താരങ്ങളും സന്തോഷത്തോടെ ഇരിക്കാൻ പന്ത് പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. എല്ലാവരുടെയും അഭിപ്രായങ്ങൾ പന്ത് ശ്രവിക്കാറുണ്ട്. ഐപിഎല്ലുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ കാര്യങ്ങളിലും കൃത്യമായ ആസൂത്രണം നടത്താനും പന്ത് വലിയ പരിശ്രമമാണ് നടത്തുന്നത്.' സഹീർ പറഞ്ഞു.
'ഒരു ക്യാപ്റ്റനെന്ന നിലയിൽ ടീമിലെ എല്ലാ കാര്യങ്ങളും നല്ല രീതിയിൽ പോകുന്നുണ്ടെന്ന് റിഷഭ് ഉറപ്പാക്കുന്നു. ഒരു ബാറ്റർ എന്ന നിലയിൽ ലഖ്നൗ മധ്യനിര റിഷഭിനെ ആശ്രയിച്ചാണ് കളിക്കുന്നത്. അതിനായുള്ള മികച്ച പ്രകടനം റിഷഭിൽ നിന്ന് ഉടൻ ഉണ്ടാകും.' സഹീർ പ്രതീക്ഷ പ്രകടിപ്പിച്ചു.
ഐപിഎൽ സീസണിൽ ഇതിനകം കളിച്ച പത്ത് മത്സരങ്ങളിൽ നിന്ന് 110 റണ്‍സ് മാത്രമാണ് റിഷഭ് പന്തിന് നേടാനായത്. ഐപിഎൽ ലേലത്തിൽ 27 കോടി രൂപയ്ക്കാണ് റിഷഭിനെ ലഖ്നൗ ടീമിലെത്തിച്ചത്. സീസണിൽ 10 മത്സരങ്ങൾ പിന്നിടുമ്പോൾ ലഖ്നൗ അഞ്ചെണ്ണത്തില്‍ വിജയിച്ചു.
Content Highlights: Zaheer Khan Gives Honest Response on Pant's poor form