'വൈഭവിന്റേത് ഭാഗ്യദിനമല്ല,ആത്‌മവിശ്വാസമാണ് '; ഗില്ലിനെ തിരുത്തി അജയ് ജഡേജ

14 കാരൻ വൈഭവ് സൂര്യവംശിയുടെ ഇന്നിങ്സിനെ ‘ഭാഗ്യ’മെന്ന് വിശേഷിപ്പിച്ച ഗുജറാത്ത് നായകൻ ശുഭ്മൻ ഗില്ലിനെതിരെ വിമർശനം

dot image

ഐപിഎല്ലിൽ ഗുജറാത്തിനെതിരെ അത്ഭുത പ്രകടനം നടത്തിയ 14 കാരൻ വൈഭവ് സൂര്യവംശിയുടെ ഇന്നിങ്സിനെ ‘ഭാഗ്യ’മെന്ന് വിശേഷിപ്പിച്ച ഗുജറാത്ത് നായകൻ ശുഭ്മൻ ഗില്ലിനെതിരെ വിമർശനം. 38 പന്തിൽ ഏഴു ഫോറും 11 സിക്സും സഹിതം 101 റൺസുമായി വൈഭവ് ചരിത്രമെഴുതിയതിനു പിന്നാലെ, മത്സരശേഷം ഇത് യുവതാരത്തിന്റെ ഭാഗ്യദിനമായിരുന്നുവെന്ന് ഗിൽ പ്രതികരിച്ചിരുന്നു.

‘‘ഇത് അദ്ദേഹത്തിന്റെ ഭാഗ്യദിനമായിരുന്നു. വൈഭവിന്റേത് കരുത്താർന്ന ഷോട്ടുകളാണ്. ഈ ദിവസത്തെ അദ്ദേഹം പൂർണമായും മുതലെടുത്തുവെന്ന് പറയാം’ – ഇതായിരുന്നു ഗില്ലിന്റെ വാക്കുകൾ. എന്നാൽ ഒരു ഭാഗ്യദിനത്തിൽ മാത്രം ഒതുക്കേണ്ടതല്ല വൈഭവ് സൂര്യവംശിയുടെ പ്രകടനമെന്നാണ് സോഷ്യൽ മീഡിയയിൽ ചിലർ പ്രതികരിച്ചത്. ഗില്ലിന്റെ പരാമർശത്തോട് പരോക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം അജയ് ജഡേജയും രംഗത്തെത്തി.

'ആ പതിനാലു വയസ്സുകാരന്റെ ആത്മവിശ്വാസം എത്രയോ വലുതാണ്. ആ വിശ്വാസം തന്നെയാണ് ഇതിനകം ഇത്രയേറെ ദൂരമെത്താൻ അദ്ദേഹത്തെ സഹായിച്ചത് എന്നത് തീർച്ച. ഇതിനിടെ ഒരു താരം ടെലിവിഷനിൽ ഇത് അദ്ദേഹത്തിന്റെ ഭാഗ്യദിനമാണ് എന്നൊക്കെ പറയുന്നതു കേട്ടു, ’ ജഡേജ കുറിച്ചു.

അതേസമയം ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസിന്റെ അത്ഭുതബാലന്റെ സംഹാര താണ്ഡവത്തിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഐപിഎല്ലിന്റെ ആദ്യ പതിപ്പ് സംഭവിക്കുമ്പോൾ ജനിച്ചിട്ട് പോലുമില്ലാത്ത വൈഭവ് അങ്ങനെ ഐപിഎല്ലിന്റെ തന്നെ ചരിത്രമാണ് ഇന്നലെ എഴുതിയത്. രാജ്യാന്തര ട്വന്റി 20യില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരം, ഐപിഎല്ലില്‍ വേഗമേറിയ സെഞ്ച്വറി സ്വന്തമാക്കുന്ന ഇന്ത്യൻ താരം, ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരം തുടങ്ങിയ റെക്കോർഡുകളാണ് കൗമാരക്കാരൻ സ്വന്തം പേരിലാക്കിയത്.

Content Highlights: Ajay Jadeja slams Shubman Gill for labelling Vaibhav lucky

dot image
To advertise here,contact us
dot image