ഇന്ത്യയ്ക്ക് ഇന്ന് സെമി കടമ്പ; ലെബനോൺ ബൂട്ടുകെട്ടുന്നത് പകരം വീട്ടാന്

ഫിഫ റാങ്കിംഗില് ആദ്യ നൂറിലേക്ക് കടന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്

dot image

ബെംഗളൂരു: സാഫ് കപ്പിന്റെ കലാശപ്പോരാട്ടത്തിന് ഇന്ത്യക്ക് അകലെ ഒരു വിജയം മാത്രം. ഛേത്രിക്കും സംഘത്തിനും ഇന്ന് ലെബനോണിനെ പരാജയപ്പെടുത്തിയാല് ഫൈനലിലെത്താം. തുടര്ച്ചയായ ഒമ്പത് മത്സരങ്ങളില് പരാജയമറിയാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില് രാത്രി ഏഴരയ്ക്കാണ് മത്സരം. ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് നടക്കുന്ന ആദ്യ സെമി ഫൈനലില് കുവൈത്ത് ബംഗ്ലാദേശിനെ നേരിടും.

ഫിഫ റാങ്കിംഗില് ആദ്യ നൂറിലേക്ക് കടന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ഇന്റര് കോണ്ടിനന്റല് കപ്പ് ഫൈനല് മത്സരത്തിലെ തോല്വിക്ക് പകരം ചോദിക്കാനാകും ലെബനോണ് ഇറങ്ങുക. ലീഗ് മത്സരങ്ങളില് തോല്വിയറിയാതെയാണ് ലെബനോണും ഇന്ത്യയും സെമിയിലെത്തിയത്. മൂന്ന് മത്സരങ്ങളും വിജയിച്ച ലെബനോണ് ഗ്രൂപ്പ് ബി യില് ഒന്നാം സ്ഥാനം നേടിയപ്പോള് ഒരു മത്സരം മാത്രം സമനില പാലിച്ച് ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ എത്തുന്നത്.

മികച്ച ഫോമിലുള്ള നായകന് സുനില് ഛേത്രിയുടെ ബൂട്ടുകളിലാണ് ഇന്ത്യന് പ്രതീക്ഷ. മൂന്ന് മത്സരങ്ങളില് നിന്ന് ഹാട്രിക് ഉള്പ്പടെ അഞ്ച് ഗോള് നേടിയ ഈ 38കാരനാണ് ടൂര്ണമെന്റില് ഇന്ത്യയുടെ ടോപ് സ്കോറര്. മധ്യനിര പിഴവുകള് വരുത്തുമ്പോളും ഗോളുകള് വഴങ്ങാന് മടിക്കുന്ന പ്രതിരോധനിര ഇന്ത്യയ്ക്ക് ആശ്വാസം പകരുന്നുണ്ട്. ടൂര്ണമെന്റില് ഒരു ഗോള് മാത്രമാണ് ഇന്ത്യയ്ക്ക് വഴങ്ങേണ്ടി വന്നത്. ഗോള് മെഷീനുകളായ ഖാലീല് ബാദറിലും ഹസ്സന് മാച്ച്യൂക്കിലുമാണ് ലെബനോണിന്റെ പ്രതീക്ഷ. അതേസമയം കുവൈത്തിനെതിരായ മത്സരത്തില് റഫറിമാരോട് തര്ക്കിച്ചതിന് ചുവപ്പ് കാര്ഡ് കാണേണ്ടി വന്ന ഇന്ത്യന് പരിശീലകന് ഈഗോര് സ്റ്റിമാക്കിന് പുറത്തിരിക്കേണ്ടിവരും.

ദിവസങ്ങള്ക്ക് മുന്പാണ് ഇന്റര് കോണ്ടിനന്റ് കപ്പ് ഫൈനലില് ലെബനോണിനെ തോല്പ്പിച്ച് ഇന്ത്യ കിരീടമുയര്ത്തിയത്. എതിരില്ലാത്ത രണ്ട് ഗോളുകള്ക്കാണ് ബ്ലൂ ടൈഗേഴ്സ് വിജയം കുറിച്ചത്. 46 വര്ഷത്തിനിടെ ലെബനോണിനോട് ജയമറിഞ്ഞിട്ടില്ലെന്ന റെക്കോര്ഡ് കൂടിയാണ് അന്ന് ഛേത്രിയും സംഘവും തിരുത്തിക്കുറിച്ചത്.

dot image
To advertise here,contact us
dot image