ആവേശപ്പോരില് കുവൈത്ത് വീണു; സാഫ് കപ്പില് മുത്തമിട്ട് ഛേത്രിപ്പട

സഡന് ഡെത്തില് കുവൈത്തിന്റെ ആദ്യ കിക്ക് ഗുര്പ്രീത് തടുത്തതോടെയാണ് ഇന്ത്യ സാഫ് കപ്പിലെ ഒമ്പതാമത്തെ കിരീടം ചൂടിയത്

dot image

ബെംഗളൂരു: ബെംഗളൂരുവില് നീലവസന്തം തീര്ത്ത് ഛേത്രിയുടെ നീലപ്പട. സാഫ് കപ്പില് ആവേശ ഫൈനലില് സഡന് ഡെത്തിലൂടെ കുവൈത്തിനെ മറികടന്നാണ് ഇന്ത്യ കിരീടം ചൂടിയത്. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും മത്സരം 1-1 ന് സമനിലയില് ആയതോടെ ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു.

ഷൂട്ടൗട്ടില് ഇന്ത്യക്കായി സുനില് ഛേത്രിയും സന്ദേശ് ജിംഗാനും ലാലിയന്സുവാല ചാംഗ്തേയും സുഭാശിഷ് ബോസും മഹേഷ് സിംഗും ലക്ഷ്യം കണ്ടപ്പോള് ഉദാന്ത സിംഗ് പാഴാക്കി. ഇതോടെ മത്സരം സഡന് ഡെത്തിലേക്ക് കടന്നു. സഡന് ഡെത്തില് കുവൈത്തിന്റെ ആദ്യ കിക്ക് ഗുര്പ്രീത് തടുത്തതോടെയാണ് ഇന്ത്യ സാഫ് കപ്പിലെ ഒമ്പതാമത്തെ കിരീടം ചൂടിയത്.

ഗുര്പ്രീതാണ് താരം:

അര്ജന്റീനയ്ക്ക് എമിലിയാനോ മാര്ട്ടിനെസ് ഉണ്ടെങ്കില് ഇന്ത്യക്കാര്ക്കുമുണ്ട് ഒരു കാവല് മാലാഖ. ഗുര്പ്രീത് സിംഗ് സന്ധു. മത്സരത്തിന്റെ നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഷൂട്ടൗട്ടിലും പിന്നീട് സഡന് ഡെത്തിലും അദ്ദേഹം ഇന്ത്യന് പ്രതീക്ഷകള്ക്ക് കാവലാളായി നിന്നു. കുവൈറ്റ് മുന്നേറ്റനിര ആര്ത്തലച്ചുവന്നപ്പോഴും അയാള് നീലപ്പടയുടെ ഗോള്വലയ്ക്ക് മുന്നില് നെഞ്ചുംവിരിച്ച് നിന്നു.

സമനിലയില് പിരിഞ്ഞ ആദ്യ പകുതിക്കും ഗോള് രഹിതമായ രണ്ടാം പകുതിക്കും ശേഷമായിരുന്നു ഇന്ത്യ-കുവൈത്ത് ഫൈനല് പോരാട്ടം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. കരുത്തന്മാരുടെ മത്സരം ഷൂട്ടൗട്ടിലും സമനിലയില് അവസാനിച്ചു. വിജയികളെ കണ്ടെത്താന് നെഞ്ചിടിപ്പേറ്റുന്ന സഡന് ഡെത്തിലേക്ക് പോകേണ്ടിവന്നു. സഡന് ഡെത്തില് കുവൈത്തിന്റെ ആദ്യ കിക്കെടുക്കാനെത്തിയത് നായകന് ഇബ്രാഹിം ആയിരുന്നു. ഇബ്രാഹിമിന്റെ കിക്ക് തടുക്കുമ്പോള് ഇന്ത്യക്കാരുടെ ഒന്നാകെ പ്രതീക്ഷ ഗുര്പ്രീതിന് ആത്മവിശ്വാസം പകര്ന്നിട്ടുണ്ടാവണം. തന്റെ ഇടത്തോട്ട് വന്ന ബുള്ളറ്റ് ഷോട്ടിനെ അതിമനോഹരമായ ഡൈവിംഗിലൂടെയാണ് തടുത്തുവിട്ടത്.

dot image
To advertise here,contact us
dot image