ബെംഗളൂരു: സാഫ് കപ്പ് കലാശപ്പോരിലെ ആദ്യപകുതിയില് സമനില പിടിച്ച് ഇന്ത്യ. 14-ാം മിനിറ്റില് ലീഡ് എടുത്ത കുവൈത്തിനെ 38-ാം മിനിറ്റിലാണ് ബ്ലൂ ടൈഗേഴ്സ് സമനിലയില് തളച്ചത്. മധ്യനിര താരം ഷബീബ് അല് ഖല്ദിയിലൂടെയാണ് കുവൈത്ത് മുന്നിലെത്തിയത്. എന്നാല് ലാലിയന്സുവാല ചാങ്തെയുടെ ഗോളിലൂടെ ഇന്ത്യ ഒപ്പമെത്തി. മലയാളി താരം സഹല് അബ്ദുല് സമദിന്റെ അസിസ്റ്റായിരുന്നു സമനില ഗോളിന് വഴിവെച്ചത്. ഇതോടെ മത്സരം 1-1ന് ഇടവേളക്ക് പിരിഞ്ഞു.
ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില് 7.30നായിരുന്നു ഫൈനല് മത്സരം ആരംഭിച്ചത്. 4-2-3-1 ഫോര്മേഷനിലാണ് കോച്ച് ഇഗോര് സ്റ്റിമാക്ക് ഇന്ത്യന് ടീമിനെ അണിനിരത്തിയത്. അതേസമയം 4-3-3 ആയിരുന്നു കുവൈത്ത് ടീമിന്റെ ഫോര്മേഷന്. മുന്നേറ്റനിര ഒറ്റയ്ക്ക് നയിക്കാന് നായകന് ഛേത്രിയെ നിയോഗിച്ച ഇഗോര് മധ്യനിരയില് സഹലിന് കൂടുതല് ഉത്തരവാദിത്തങ്ങള് നല്കി. സഹലിനൊപ്പം മറ്റൊരു മലയാളിയായ ആഷിഖ് കുരുണിയനും മധ്യനിരയിലുണ്ട്.
ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്ന ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നിറഞ്ഞതായിരുന്നു ആദ്യ പകുതി. ആദ്യ നിമിഷങ്ങളില് ഗോള് വഴങ്ങി പതറി നില്ക്കുന്ന ഇന്ത്യയെ ഞെട്ടിച്ച് 28-ാം മിനിറ്റില് പ്രതിരോധ താരം സന്ദേശ് ജിങ്കന് മഞ്ഞക്കാര്ഡ് കാണേണ്ടി വന്നു. മറ്റൊരു ഡിഫന്ഡര് അന്വര് അലിയ്ക്ക് പരിക്കേറ്റതോടെ മെഹ്താബ് സിംഗ് 35-ാം മിനിറ്റില് കളത്തിലിറങ്ങി. എന്നാല് ആദ്യപകുതിയുടെ നിശ്ചിത സമയത്തിന്റെ അവസാന നിമിഷം സമനില പിടിച്ച ഇന്ത്യ വര്ധിച്ച ആത്മവിശ്വാസത്തോടെയാവും രണ്ടാം പകുതിയില് ഇറങ്ങുക.