ന്യൂഡല്ഹി: ഇന്ത്യന് വനിതാ ഫുട്ബോള് ടീമിന്റെ പരിശീലകനായി ഇനി ആന്റണി ആന്ഡ്രൂസ് എത്തും. കഴിഞ്ഞ രണ്ടു സീസണുകളിലും ഗോകുലം കേരള എഫ്സി തുടര്ച്ചയായി ഇന്ത്യന് വനിതാ ലീഗ് (ഐഡബ്ല്യുഎല്) കിരീടങ്ങള് നേടിയത് ആന്റണി ആന്ഡ്രൂസിന്റെ കീഴിലായിരുന്നു. ഗോകുലം കേരള എഫ്സിയുടെ മുന് ഹെഡ് കോച്ചാണ്. വ്യാഴാഴ്ചയാണ് ദേശീയ വനിതാ ടീമിന്റെ പരിശീലകനായി അഖിലേന്ത്യാ ഫുട്ബോള് ഫെഡറേഷന് (എഐഎഫ്എഫ്) ഈ മഹാരാഷ്ട്ര സ്വദേശിയെ ശുപാര്ശ ചെയ്തത്.
2021-22, 2022-23 സീസണുകളില് ഗോകുലം കേരള എഫ്സിയെ തുടര്ച്ചയായി ഇന്ത്യന് വനിതാ ലീഗ് (ഐഡബ്ല്യുഎല്) കിരീടങ്ങളിലേക്ക് നയിച്ച പരിശീലകനെന്ന നിലയില് ആന്ഡ്രൂസ് ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. എഎഫ്സി 'എ' ലൈസന്സ് ഉള്ള ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകരില് ഒരാളാണ് ഇരുപത്തിയേഴുകാരനായ ആന്ഡ്രൂസ്. 2013 മുതല് പരിശീലകരംഗത്തുണ്ട്. ബെംഗളൂരുവിലെ റെബല്സ് എഫ്സി, അഹമ്മദാബാദിലെ അര എഫ്സി, മിനേര്വ പഞ്ചാബ് എഫ്സി എന്നീ ടീമുകളുടെ ഭാഗമായി പ്രവര്ത്തിച്ചിട്ടുണ്ട്.
തോമസ് ഡെന്നര്ബി സ്ഥാനം ഒഴിഞ്ഞ ശേഷം മൂന്ന് മാസത്തോളം ദേശീയ വനിതാ ടീമിന് പരിശീലകനില്ലായിരുന്നു. ഐഎം വിജയന്റെ നേതൃത്വത്തിലുള്ള എഐഎഫ്എഫിന്റെ സാങ്കേതിക സമിതിയാണ് ആന്ഡ്രൂസിനെ ശുപാര്ശ ചെയ്തത്. അതേസമയം കേരള ബ്ലാസ്റ്റേഴ്സിന്റെ മുന് സഹപരിശീലകനായ ഇഷ്ഫാഖ് അഹമ്മദിനെ അണ്ടര് 16 ആണ്കുട്ടികളുടെ ടീമിന്റെ പരിശീലകനായി നിയമിച്ചു.