മെല്ബണ്: 2023 വനിതാ ഫുട്ബോള് ലോകകപ്പില് ബ്രസീലിന് വിജയത്തുടക്കം. പനാമയെ എതിരില്ലാത്ത നാല് ഗോളുകള്ക്കാണ് കാനറികള് പരാജയപ്പെടുത്തിയത്. മറ്റൊരു മത്സരത്തില് മറുപടിയില്ലാത്ത ആറ് ഗോളുകള്ക്ക് ജര്മനി മൊറോക്കോയെ കീഴടക്കി.
ഗ്രൂപ്പ് എഫില് നടന്ന മത്സരത്തില് സൂപ്പര് താരം ആരി ബോര്ജസ് നേടിയ ഹാട്രിക്കോടെയാണ് ബ്രസീല് വിജയത്തിലെത്തിയത്. 23കാരിയായ ബോര്ജസ് ആദ്യമായാണ് ലോകകപ്പ് കളിക്കാനെത്തുന്നത്. 19-ാം മിനിറ്റില് പനാമയുടെ വല കുലുക്കിയ ബോര്ജസ് കണ്ണീരോടെയാണ് ആദ്യ ഗോള് ആഘോഷിച്ചത്. പിന്നാലെ 39-ാം മിനിറ്റില് തന്നെ ബ്രസീലിനായി ബോര്ജസ് ലീഡുയര്ത്തി. 70-ാം മിനിറ്റില് ഒരു തവണ കൂടി ഗോള് നേടിയാണ് ബോര്ജസ് തന്റെ ഹാട്രിക് പൂര്ത്തിയാക്കിയത്. 2023 വനിതാ ലോകകപ്പിലെ ആദ്യ ഹാട്രിക് കൂടിയാണ് ബോര്ജസിന്റേത്. ബീറ്റ്റിസ് സനേറ്റോ ജാവോയുടെ ഗോളോടെ കാനറികള് ആധികാരിക വിജയം ഉറപ്പിച്ചു. ഇതോടെ മൂന്ന് പോയിന്റുകള് നേടി ഗ്രൂപ്പ് എഫില് ബ്രസീല് ഒന്നാമതെത്തി.
ഗ്രൂപ്പ് എച്ചില് നടന്ന മത്സരത്തില് ജര്മ്മന് വനിതകള് മൊറോക്കോയെ പരാജയപ്പെടുത്തി. ഏകപക്ഷീയമായ ആറ് ഗോളുകള്ക്കാണ് ജര്മ്മനി ആഫ്രിക്കന് കരുത്തരെ മുട്ടുകുത്തിച്ചത്. ജര്മ്മനിക്ക് വേണ്ടി അലക്സാന്ഡ്ര പോപ്പ് ഇരട്ടഗോള് നേടിയപ്പോള് ക്ലാര ബുഹ്ല്, ലിയ ഷൂളര് എന്നിവരും ലക്ഷ്യം കണ്ടു. ജര്മ്മനിയുടെ അക്കൗണ്ടിലുള്ള മറ്റ് രണ്ട് ഗോള് മൊറോക്കോയുടെ സെല്ഫ് ഗോളുകളാണ്. വിജയത്തോടെ മൂന്ന് പോയിന്റുകളുമായി ഗ്രൂപ്പ് എച്ചില് ജര്മനി ഒന്നാമതെത്തി.