ഓക്ലാന്ഡ്: വനിത ഫുട്ബോൾ ലോകകപ്പിൽ സൂപ്പർ ടീമുകൾ ഇന്ന് കളത്തിലിറങ്ങും. അർജൻ്റീന, ബ്രസീൽ, ജർമ്മനി ടീമുകൾക്കാണ് ഇന്ന് മത്സരമുള്ളത്. അർജൻ്റീനയ്ക്ക് ഇറ്റലിയാണ് എതിരാളികൾ. 2019 ൽ ക്വാർട്ടറിൽ പരാജയപ്പെട്ട ഇറ്റലിക്ക് ഇത്തവണ കിരീടം സ്വന്തമാക്കുകയാണ് ലക്ഷ്യം. നാല് ലോകകപ്പ് കളിച്ചിട്ടുള്ള അർജൻ്റീനൻ ടീം ഇതുവരെ ഒരിക്കൽ പോലും വിജയിച്ചിട്ടില്ല. 1971 ലെ അനൗദ്യോഗിക ലോകകപ്പിലാണ് ഇറ്റലിയും അർജൻ്റീനയും നേർക്കുനേർ വന്നിട്ടുള്ളത്. അന്ന് ഇറ്റലി 4-0 ത്തിന് അർജൻ്റീനയെ തോൽപ്പിച്ചു.
ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ജർമ്മനി മൊറോക്കോയെ നേരിടും. വനിത ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമാണ് മൊറോക്കോ. കഴിവിൻ്റെ പരമാവധി പ്രകടനം പുറത്തെടുക്കുമെന്ന് മൊറോക്കൻ ക്യാപ്റ്റൻ ഗിസ്ലെയ്ൻ ചെബ്ബക്ക് പറഞ്ഞു. ലോകകപ്പിനെത്തിയ എല്ലാ ടീമുകളും മികച്ചതെന്നാണ് ജർമ്മൻ ടീമിൻ്റെ പ്രതികരണം. താരങ്ങളുടെ പരിക്കാണ് ജർമ്മൻ ടീമിനെ വലയ്ക്കുന്നത്.
എട്ട് തവണ കോപ്പ ചാമ്പ്യന്മാരായ ബ്രസീലിന് ലോകകപ്പ് നേടാനായിട്ടില്ല. 2007 ൽ ഫൈനലിൽ എത്തിയതാണ് മികച്ച പ്രകടനം. 37 കാരിയായ മാർത്ത സിൽവയുടെ ആറാം ലോകകപ്പാണിത്. ഈ ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് മാർത്ത നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലോകകപ്പ് ജയത്തോടെ കളം വിടാനാണ് ബ്രസീലിയൻ മുന്നേറ്റ താരത്തിന്റെ ലക്ഷ്യം. ഫിഫ റാങ്കിങ്ങിൽ 52-ാം സ്ഥാനത്തുള്ള പനാമയാണ് ബ്രസീലിൻ്റെ എതിരാളികൾ.