ഹിന്ഡ്മാര്ഷ്: വനിതാ ലോകകപ്പില് ആദ്യവിജയം നേടി മൊറോക്കോ. ഓസ്ട്രേലിയയിലെ ഹിന്ഡ്മാര്ഷ് സ്റ്റേഡിയത്തില് നടന്ന മത്സരത്തില് ദക്ഷിണ കൊറിയയെ എതിരില്ലാത്ത ഒരുഗോളിനാണ് മൊറോക്കന് പെണ്പട പരാജയപ്പെടുത്തിയത്. മുന്നേറ്റതാരമായ ഇബ്തിസ്സം ജറാദിയാണ് മൊറോക്കോയുടെ ഏകഗോള് നേടിയത്. വിജയത്തോടെ ലോകകപ്പിലെ നോക്കൗട്ട് സാധ്യതകള് സജീവമാക്കി നിര്ത്താന് മൊറോക്കോയ്ക്ക് കഴിഞ്ഞു.
മത്സരത്തിന്റെ ആറാം മിനിറ്റിലായിരുന്നു വിജയഗോള് പിറന്നത്. പ്രതിരോധ താരം ഹനാനെ അയ്റ്റ് എല് ഹജിന്റെ ക്രോസ് സുന്ദരമായ ഹെഡറിലൂടെ ഇബ്തിസ്സം ജറാദി ഗോളാക്കി മാറ്റി. പിന്നീട് നിരവധി ഗോളവസരങ്ങള് സൃഷ്ടിച്ചെങ്കിലും ലീഡുയര്ത്താന് മൊറോക്കോയ്ക്ക് സാധിച്ചില്ല. 87-ാം മിനിറ്റില് കൊറിയന് താരം കേസി ഫെയറിന്റെ ഷോട്ട് പുറത്തേക്ക് പോയപ്പോള് സമനില കണ്ടെത്താനുള്ള മികച്ച അവസരം കൊറിയയ്ക്ക് നഷ്ടമായി. ആദ്യ മിനിറ്റുകളില് നേടിയ ലീഡ് മത്സരത്തിലുടനീളം നിലനിര്ത്തിയപ്പോള് മൊറോക്കോ സ്വന്തമാക്കിയത് ലോകകപ്പിലെ കന്നിവിജയമായിരുന്നു.
ഒറ്റ മത്സരം കൊണ്ട് നിരവധി ചരിത്രമാണ് മൊറോക്കോ സൃഷ്ടിച്ചത്. ലോകകപ്പില് ഹിജാബ് ധരിച്ച് പന്തുതട്ടാനിറങ്ങുന്ന ആദ്യ താരമായി മൊറോക്കന് ഡിഫന്ഡര് നൗഹൈല ബെന്സിന മാറി. ആദ്യ മത്സരത്തില് ജര്മ്മനിക്കെതിരെ നൗഹൈല ഇലവനില് ഇടം ലഭിച്ചിരുന്നില്ല. വനിതാ ലോകകപ്പില് ഒരു മത്സരത്തില് വിജയിക്കുന്ന ആദ്യ അറബ് രാഷ്ട്രമെന്ന റെക്കോര്ഡും മൊറോക്കോയെ തേടിയെത്തി.
ടൂര്ണമെന്റിലെ ആദ്യ മത്സരത്തില് മൊറോക്കോ ജര്മ്മനിയോട് 6-0ത്തിന്റെ ദയനീയ പരാജയം വഴങ്ങിയിരുന്നു. ദക്ഷിണ കൊറിയയ്ക്കെതിരെ നേടിയ വിജയത്തോടെ ഗ്രൂപ്പ് എച്ചില് മൂന്ന് പോയിന്റ് നേടി മൊറോക്കോ മൂന്നാമതെത്തി. തുടര്ച്ചയായ രണ്ടാം തോല്വിയോടെ ദക്ഷിണ കൊറിയ ടൂര്ണമെന്റില് നിന്ന് പുറത്താവുകയും ചെയ്തു.