വെല്ലിങ്ടൺ: വനിത ലോകകപ്പിൽ സ്പെയ്നിനെ തോൽപ്പിച്ച് ഏഷ്യൻ കരുത്തരായ ജപ്പാൻ പ്രീക്വാർട്ടറിൽ. എതിരില്ലാത്ത നാല് ഗോളിനാണ് ജപ്പാൻ സ്പെയ്നിനെ തോൽപ്പിച്ചത്. മത്സരത്തിൻ്റെ ആദ്യ പകുതിയിൽ തന്നെ ജപ്പാൻ മൂന്ന് ഗോളുകൾക്ക് മുന്നിലായി. മത്സരത്തിൽ 23 ശതമാനം ബോൾ പൊസഷൻ മാത്രമാണ് ജപ്പാനുള്ളത്. 77 ശതമാനം സമയത്തും പന്ത് കൈവശം വെച്ച സ്പെയ്നിന് പക്ഷേ ഗോൾ നേടാൻ കഴിഞ്ഞില്ല. ഗ്രൂപ്പിലെ ഏല്ലാ മത്സരങ്ങളും ജയിച്ച് ആധികാരികമായാണ് ജപ്പാൻ രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്.
പരാജയപ്പെട്ടെങ്കിലും രണ്ട് വിജയമുള്ള സ്പെയ്നിനും പ്രീക്വാർട്ടർ പ്രവേശനമുണ്ട്. ആറ് മത്സരങ്ങൾക്ക് ശേഷമാണ് സ്പെയിൻ എതിരാളിയിൽ നിന്നും ഗോൾ വഴങ്ങുന്നത്. അടുത്ത മത്സരങ്ങളിൽ ശക്തമായി തിരിച്ചുവരുമെന്നാണ് സ്പാനിഷ് ടീം മാനേജർ ജോർജി വിൽഡ പറഞ്ഞു. സി ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സാബിയ കോസ്റ്ററിക്കയെ തോൽപ്പിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സാബിയയുടെ വിജയം.
ഗ്രൂപ്പ് ബിയിലെ മത്സരങ്ങൾ അവസാനിച്ചപ്പോൾ ഓസ്ട്രേലിയയും നൈജീരിയയും പ്രീക്വാർട്ടർ ഉറപ്പിച്ചു. കാനഡയെ തോൽപ്പിച്ചതോടെയാണ് ഓസ്ട്രേലിയ രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. എതിരില്ലാത്ത നാല് ഗോളിനായിരുന്നു ഓസ്ട്രേലിയ കാനഡയെ തോൽപ്പിച്ചത്. ബി ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ നൈജീരിയ റിപ്പബ്ലിക്ക് ഓഫ് അയർലൻ്റിനെ നേരിട്ടു. ഗോൾ രഹിത സമനിലയിലായിരുന്നു മത്സരം അവസാനിച്ചത്.