മാര്ത്തയുടെ സ്വപ്നം സഫലമായില്ല; ബ്രസീല് പുറത്ത്, കൂടെ ഒരു കളി പോലും ജയിക്കാതെ അര്ജന്റീനയും

28 വര്ഷങ്ങള്ക്ക് ശേഷം ആദ്യമായാണ് ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം കടക്കാന് കഴിയാതെ ബ്രസീല് പുറത്താകുന്നത്

dot image

മെല്ബണ്: വനിതാ ലോകകപ്പില് നിന്നും ഫുട്ബോള് വമ്പന്മാരായ അര്ജന്റീനയും ബ്രസീലും പുറത്ത്. ബുധനാഴ്ച നടന്ന ഗ്രൂപ്പ് എഫിലെ അവസാന മത്സരത്തില് ജമൈക്കയോട് ഗോള് രഹിത സമനില വഴങ്ങിയതോടെയാണ് ബ്രസീല് ലോകകപ്പിന്റെ പടിയിറങ്ങിയത്. ഗ്രൂപ്പ് ജിയിലെ അവസാന മത്സരത്തില് സ്വീഡനോട് എതിരില്ലാത്ത രണ്ട് ഗോളുകള്ക്ക് പരാജയം വഴങ്ങിയാണ് അര്ജന്റൈന് പെണ്പട പുറത്തായത്. ഗ്രൂപ്പ് ഘട്ടത്തിലെ ഒരു മത്സരം പോലും വിജയിക്കാതെയാണ് ആല്ബിസെലസ്റ്റുകള് പുറത്തുപോയത്.

28 വര്ഷങ്ങള്ക്ക് ശേഷം ആദ്യമായാണ് ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം കടക്കാന് കഴിയാതെ ബ്രസീല് പുറത്താകുന്നത്. 1991 മുതല് എല്ലാ വനിതാ ലോകകപ്പിനും ബ്രസീല് യോഗ്യത നേടിയിട്ടുണ്ട്. 1991, 1995 ലോകകപ്പുകള്ക്ക് ശേഷം പിന്നീട് ഇപ്പോഴാണ് കാനറികള് ഗ്രൂപ്പ് കടമ്പ കടക്കാതെ പുറത്താകുന്നത്. ബ്രസീലിനെ ഗോള്രഹിത സമനിലയില് തളച്ച ജമൈക്ക ഫ്രാന്സിന് പിന്നില് രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്ട്ടറിലേക്ക് ടിക്കറ്റ് എടുത്തു. പനാമയെ 6-3ന് തകര്ത്തെറിഞ്ഞ് ഫ്രാന്സ് ഗ്രൂപ്പില് ഒന്നാം സ്ഥാനം ഉറപ്പിച്ചിരുന്നു.

അതേസമയം ടൂര്ണമെന്റില് ഇതുവരെ വിജയമറിഞ്ഞിട്ടില്ല എന്ന നാണക്കേടും പേറിയാണ് അര്ജന്റീന നാട്ടിലേക്ക് മടങ്ങുന്നത്. ഗ്രൂപ്പ് ജിയിലെ അവസാന സ്ഥാനക്കാരായ അര്ജന്റീനയുടെ പ്രീ ക്വാര്ട്ടര് പ്രതീക്ഷകള് ഏറെക്കുറെ അവസാനിച്ചിരുന്നു. ബുധനാഴ്ച തന്നെ നടന്ന മത്സരത്തില് സ്വീഡനോട് തോല്വി വഴങ്ങിയതോടെ ആല്ബിസെലസ്റ്റുകള് ലോകകപ്പില് നിന്ന് പുറത്തായി. അര്ജന്റീനയെ എതിരില്ലാത്ത രണ്ട് ഗോളുകള്ക്ക് കീഴടക്കിയ സ്വീഡന് ഗ്രൂപ്പ് ചാംപ്യന്മാരായി അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us