ബെർലിൻ: ബയേൺ മ്യൂണിക്ക് മുന്നേറ്റ താരം സാദിയോ മാനെ അൽ നസറിലെത്തുമെന്ന് ഉറപ്പായി. അൽ നസർ ആരാധകർക്കായി മാനെ സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതോടെയാണ് സെനഗൽ താരം സൗദിയിലേക്ക് എത്തുമെന്ന് ഉറപ്പായത്. അൽ നസറിൻ്റെ ഭാഗമാകുന്നതിൽ ഏറെ സന്തോഷം. ഇനിയും കാത്തിരിക്കാൻ കഴിയില്ലെന്നും മാനെ വ്യക്തമാക്കി.
30 മില്യൺ യൂറോയ്ക്കാണ് (271 കോടി രൂപ) മാനെയുടെ കരാറെന്ന് ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് വർഷ കരാർ കൂടി ബാക്കി നിൽക്കെയാണ് മാനെ ബയേൺ വിടുന്നത്. ബയേൺ വിടുന്നത് ഏറെ വിഷമിപ്പിക്കുന്നതാണെന്ന് മാനെ സ്കൈ ജർമ്മനിയോട് പറഞ്ഞിരുന്നു. മാനേയുടെ വിടവാങ്ങലിൽ പ്രതികരണവുമായി ബയേൺ മാനേജർ തോമസ് ടുഹേൽ രംഗത്തെത്തി. തനിക്കും മാനെയ്ക്കും ഇഷ്ടമില്ലാത്ത കാര്യമാണ് ഇപ്പോൾ സംഭവിക്കുന്നതെന്ന് ടുഹേൽ പ്രതികരിച്ചു. താനും മാനെയും തമ്മിൽ വളരെ വലിയ ബന്ധമാണുള്ളത്. എങ്കിലും ഇപ്പോൾ സംഭവിക്കുന്നതാണ് ഏറ്റവും നല്ലതെന്ന് കരുതുന്നുവെന്നും ടുഹേൽ വ്യക്തമാക്കി.
ബയേണിൽ എത്തുന്നതിന് മുമ്പ് ഇംഗ്ലീഷ് ക്ലബ് ലിവർപൂൾ താരമായിരുന്നു സാദിയോ മാനെ. യൂര്ഗന് ക്ലോപ്പിന്റെ ടീമിൽ മുഹമ്മദ് സലായ്ക്കും റോബർട്ടോ ഫിർമിനോയ്ക്കുമൊപ്പം മുന്നേറ്റ നിരയിൽ കളിച്ചു. ചാമ്പ്യൻസ് ലീഗും ഇംഗ്ലീഷ് പ്രീമിയർ ലീഗും ഉൾപ്പടെ ആറ് കിരീടങ്ങൾ ലിവർപൂളിനായി നേടിയിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 100 ഗോൾ നേടിയ മൂന്നാമത്തെ മാത്രം ആഫ്രിക്കൻ താരവുമാണ് മാനെ.