പെര്ത്ത്: വനിതാ ഫുട്ബോള് ലോകകപ്പില് നോക്കൗട്ട് പ്രവേശനം നേടുന്ന ആദ്യ അറബ് രാഷ്ട്രമായി മൊറോക്കോ. വ്യാഴാഴ്ച ഗ്രൂപ്പ് എച്ചില് നടന്ന അവസാന മത്സരത്തില് കൊളംബിയയെയാണ് മൊറോക്കോ പരാജയപ്പെടുത്തിയത്. കൊളംബിയയെ മറുപടിയില്ലാത്ത ഒരു ഗോളിന് മുട്ടുകുത്തിച്ചാണ് മൊറോക്കന് പെണ്പട പ്രീ ക്വാര്ട്ടര് മത്സരങ്ങളിലേക്ക് ടിക്കറ്റ് എടുത്തത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില് ദക്ഷിണ കൊറിയയുമായി സമനില വഴങ്ങിയതോടെ ജര്മ്മനി ലോകകപ്പില് നിന്ന് പുറത്തായി.
ആദ്യ പകുതിയുടെ അധിക സമയത്താണ് മത്സരത്തിലെ ഏകഗോള് പിറക്കുന്നത്. സ്ട്രൈക്കര് അനിസ്സ ലമാരിയാണ് മൊറോക്കോയുടെ വിജയഗോള് നേടിയത്. രണ്ടാം പകുതിയില് സമനില ഗോളിനായി കൊളംബിയ ഏറെ പരിശ്രമിച്ചെങ്കിലും മൊറോക്കന് പ്രതിരോധം ഉറച്ചുനിന്നു. മത്സരത്തില് തോല്വി വഴങ്ങിയെങ്കിലും ഗ്രൂപ്പ് ചാംപ്യന്മാരായ കൊളംബിയയും നോക്കൗട്ട് റൗണ്ടിലേക്ക് കടന്നു. മൂന്ന് മത്സരങ്ങളില് നിന്നും ആറ് പോയിന്റുകളാണ് ഇരുടീമുകള്ക്കും ഉള്ളത്.
വ്യാഴാഴ്ച നടന്ന മറ്റൊരു മത്സരത്തില് ദക്ഷിണ കൊറിയയോട് സമനില വഴങ്ങിയാണ് ജര്മ്മനി പുറത്തായത്. ഇരുടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞു. മൂന്ന് മത്സരങ്ങളില് നിന്ന് നാല് പോയിന്റുമായി ഗ്രൂപ്പ് എച്ചില് മൂന്നാമതാണ് ജര്മ്മനി. ഒരു പോയിന്റ് മാത്രമായി ഗ്രൂപ്പിലെ അവസാനക്കാരായ ദക്ഷിണ കൊറിയയുടെ പ്രീ ക്വാര്ട്ടര് പ്രതീക്ഷകള് ഏറെക്കുറെ അവസാനിച്ചിരുന്നു. പ്രീ ക്വാര്ട്ടറില് ഫ്രാന്സാണ് മൊറോക്കോയുടെ എതിരാളികള്. കൊളംബിയ ജമൈക്കയെയും നേരിടും.