'സലായും സൗദിയിലേക്ക്'; അല് ഇത്തിഹാദിന് ഗ്രീന് സിഗ്നല് നല്കിയെന്ന് റിപ്പോര്ട്ട്

2017 ജൂലൈയില് സീരി എ ക്ലബ് എഎസ് റോമയില് നിന്നാണ് സലാ ലിവര്പൂളില് എത്തിയത്

dot image

റിയാദ്: ഈജിപ്ഷ്യന് സൂപ്പര് താരം മുഹമ്മദ് സലാ സൗദി അറേബ്യന് ക്ലബ്ബില് ചേരുമെന്ന് റിപ്പോര്ട്ട്. നിലവില് ലിവര്പൂളിനായി ബൂട്ടണിയുന്ന താരത്തെ സൗദി പ്രോ ലീഗ് ചാമ്പ്യന്മാരായ അല് ഇത്തിഹാദാണ് ട്രാന്സ്ഫറിലൂടെ സ്വന്തമാക്കാന് ശ്രമിക്കുന്നത്. രണ്ട് വര്ഷത്തെ കരാറിലാണ് താരം സൗദി പ്രോ ലീഗില് ചേരാനൊരുങ്ങുന്നത്. ഈ നീക്കത്തിന് സലാ പച്ചക്കൊടി കാട്ടിയെന്നും ഇപ്പോള് ഇരു ക്ലബ്ബുകളും തമ്മില് ധാരണയായെന്നും അന്താരാഷ്ട്ര മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു.

'ഈജിപ്ഷ്യന് അന്താരാഷ്ട്ര താരം മുഹമ്മദ് സലാ സൗദി അല് ഇത്തിഹാദ് ക്ലബ്ബിന് ലിവര്പൂളുമായി ചര്ച്ച നടത്താന് പച്ചക്കൊടി കാട്ടിയിട്ടുണ്ട്, അതിനാല് നിലവിലെ സമ്മര് ട്രാന്സ്ഫര് സീസണില് സലാ അല് ഇത്തിഹാദ് ടീമില് ചേരും,' എന്നാണ് ഒരു ഖത്തര് ചാനല് ട്വീറ്റ് ചെയ്തത്. കരീം ബെന്സെമ, എന്ഗോളോ കാന്റെ, ഫാബിഞ്ഞോ, ജോട്ട എന്നിവരെ ഇതിനകം സൗദി ചാമ്പ്യന്മാര് സ്വന്തമാക്കിയിരുന്നു. ആന്ഫീല്ഡ് വിട്ട് സൗദിയിലെത്തിയാല് സലായ്ക്ക് തന്റെ മുന് സഹതാരം ഫാബീഞ്ഞോയുമായി വീണ്ടും ഒന്നിക്കാം.

2017 ജൂലൈയില് സീരി എ ക്ലബ് എഎസ് റോമയില് നിന്നാണ് സലാ ലിവര്പൂളില് എത്തിയത്. അതിനുശേഷം അദ്ദേഹം പ്രീമിയര് ലീഗ് കിരീടം, എഫ്എ കപ്പ്, ഇഎഫ്എല് കപ്പ്, ചാമ്പ്യന്സ് ലീഗ് എന്നിവയും ആന്ഫീല്ഡിലെ മറ്റ് പ്രധാന ബഹുമതികളും നേടി. സീസണിലെ ആദ്യ മത്സരത്തില് ലിവര്പൂള് ചെല്സിക്കെതിരെ 1-1 ന് സമനില പിരിഞ്ഞിരുന്നു. 77-ാം മിനിറ്റില് സബ്സ്റ്റിറ്റിയൂട്ട് ചെയ്തതിന് സലാ നിരാശ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

dot image
To advertise here,contact us
dot image