മാഡ്രിഡ്: വനിതാ ഫുട്ബോള് ലോകകപ്പിലെ കിരീട നേട്ടത്തിന് ശേഷം സ്പെയിന് താരത്തെ ചുംബിച്ച സംഭവത്തില് സ്പാനിഷ് ഫുട്ബോള് അസോസിയേഷന് പ്രസിഡന്റ് ലൂയിസ് റുബിയാലെസിനെ ഫിഫ സസ്പെന്ഡ് ചെയ്തു. ഫിഫയുടെ അച്ചടക്ക സമിതിയാണ് 90 ദിവസത്തേക്ക് താല്ക്കാലികമായി റുബിയാലെസിനെ സസ്പെന്ഡ് ചെയ്തത്. ഒഴിഞ്ഞുമാറിയിട്ടും റുബിയാലെസ് സ്പാനിഷ് താരത്തിന്റെ ചുണ്ടില് ചുംബിച്ചത് വിവാദമായതോടെയാണ് നടപടി.
'ലൂയിസ് റുബിയാലെസിനെ ദേശീയ അന്തര്ദേശീയ തലത്തില് ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്ത്തനങ്ങളില് നിന്ന് താത്കാലികമായി സസ്പെന്ഡ് ചെയ്യാന് ഫിഫ തീരുമാനിച്ചു. ഫിഫയുടെ പെരുമാറ്റച്ചട്ടത്തിലെ (എഫ്ഡിസി) ആര്ട്ടിക്കിള് 51 പ്രകാരമാണ് നടപടി', ഫിഫ പ്രസ്താവനയിലൂടെ അറിയിച്ചു. ഓഗസ്റ്റ് 26 മുതലാണ് സസ്പെന്ഷന് നടപടി പ്രാബല്യത്തില് വരുന്നത്. സ്പാനിഷ് താരം ജെന്നിഫര് ഹെര്മോസോയെ നേരിട്ടോ മറ്റാരെങ്കിലും വഴിയോ ബന്ധപ്പെടാന് ശ്രമിക്കരുതെന്നും ഫിഫ നിര്ദ്ദേശിച്ചിട്ടുണ്ട്.
ലോകകപ്പ് വേദിയിലെ വിവാദ ചുംബനം സ്പെയിനിന് അകത്തും പുറത്തും വലിയ പ്രതിഷേധമാണ് സൃഷ്ടിച്ചത്. സ്പെയിന് സര്ക്കാരിലെ മന്ത്രിമാര് ഉള്പ്പടെ റുബിയാലെസിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇത്തരം സംഭവങ്ങള്ക്ക് നടപടി ഇല്ലാത്ത സാഹചര്യം ഉണ്ടാവരുതെന്ന് സ്പാനിഷ് താരം ജെന്നിഫര് പ്രതികരിച്ചിരുന്നു. പിന്നാലെയാണ് ഫിഫ വിഷയത്തില് ഇടപെട്ടത്. ചുംബനത്തില് താരത്തോട് മാപ്പ് ചോദിച്ച് റുബിയാലെസ് നേരത്തെ രംഗത്തെത്തിയിരുന്നു. ലോകകപ്പ് വിജയത്തിലെ ആവേശം കൊണ്ടാണ് താന് അങ്ങനെ ചെയ്തതെന്നായിരുന്നു റുബൈലസിന്റെ വാദം.