തായ്ലന്ഡ്: കിംഗ്സ് കപ്പ് ഫുട്ബോൾ സെമിയിൽ ഇറാഖിനോട് തോറ്റ് ഇന്ത്യ പുറത്ത്. നിശ്ചിത സമയത്ത് 2-2 മത്സരം സമനില ആയപ്പോൾ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യൻ തോൽവി. മത്സരത്തിൽ ഇറാഖിന് ശക്തമായ വെല്ലുവിളി ഉയർത്തിയ ശേഷമാണ് ഇന്ത്യൻ തോൽവി. ഇറാഖ് നേടിയ രണ്ട് ഗോളും പെനാൽറ്റിയിലൂടെ ആണ്. ഷൂട്ടൗട്ടിൽ ഇന്ത്യയുടെ ഒരു കിക്ക് പാഴായതോടെ ആണ് ഇറാഖ് ഫൈനലിൽ കടന്നത്.
സുനിൽ ഛേത്രി ഇല്ലാതെ ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധുവിൻ്റെ കീഴിലാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. ആദ്യ മിനിറ്റുകളിൽ ഇറാഖ് ആയിരുന്നു പന്ത് നിയന്ത്രിച്ചിരുന്നത്. ആദ്യ മിനിറ്റുകളിലെ ഇറാഖ് മുന്നേറ്റം നിന്ന് ഇന്ത്യൻ പ്രതിരോധം രക്ഷപ്പെടുത്തി. 16-ാം മിനിറ്റിൽ മഹേഷ് സിംഗിന്റെ ഗോളിലൂടെ ഇന്ത്യ മുന്നിലെത്തി. മലയാളി താരം സഹൽ അബ്ദുൾ സമദ് നൽകിയ പാസ് മഹേഷ് മനോഹരമായി വലയിലെത്തിച്ചു.
28-ാം മിനിറ്റിൽ ഇറാഖിന്റെ സമനില ഗോൾ. പെനാൽറ്റി ബോക്സിനുള്ളിൽ സന്ദേശ് ജിങ്കാന്റെ കൈയ്യിൽ പന്ത് തട്ടിയതോടെ മഞ്ഞ കാർഡ്. പിന്നാലെ ഇറാഖിന് അനുകൂലമായി പെനാൽറ്റി. കിക്കെടുത്ത അൽ ഹമാദിക്ക് പിഴച്ചില്ല. സ്കോർ 1-1. ഒരോ ഗോൾ സമനിലയിൽ ആദ്യ പകുതി അവസാനിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇന്ത്യ വീണ്ടും മുന്നിലെത്തി. 51-ാം മിനിറ്റിൽ ഇറാഖ് ഗോൾ കീപ്പറുടെ പിഴവ് മുതലെടുത്ത് മൻവീർ സിംഗ് വലകുലുക്കി. ഇന്ത്യ 2-1 ന് മുന്നിലെത്തി. വിജയത്തിലേക്ക് നീങ്ങവേ 79-ാം മിനിറ്റിൽ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി. ഇറാഖ് താരം അയ്മെൻ ഗദ്ബാനെ ഫൗൾ ചെയ്തതിന് വീണ്ടും പെനാൽറ്റി. അയ്മെന്റെ കിക്ക് ഇറാഖിനെ ഒപ്പമെത്തിച്ചു. അവശേഷിച്ച സമയത്തും സ്കോർ സമനില പാലിച്ചതോടെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി.
ഷൂട്ടൗട്ടിൽ ബ്രണ്ടൻ ഫെർണാണ്ടസ് എടുത്ത ആദ്യ കിക്ക് പോസ്റ്റിലിടിച്ചു. പിന്നീട് ഇന്ത്യൻ താരങ്ങൾ നാല് കിക്കും വലയിലാക്കി. പക്ഷേ ഇറാഖിന് ഒരു തവണ പോലും പിഴച്ചില്ല. ഗുർപ്രീത് സിംഗ് സന്ധുവിനെ മറികടന്ന് അഞ്ച് കിക്കും വലയിലെത്തി. ഇതോടെ 4-5 ന് ഇന്ത്യയെ മറികടന്ന് ഇറാഖ് കിംഗ്സ് കപ്പ് ഫൈനലിൽ കടന്നു.