ചരിത്രം കുറിച്ച് മനീഷ; ചാമ്പ്യന്സ് ലീഗില് അസിസ്റ്റ് നേടുന്ന ആദ്യ ഇന്ത്യന് താരം

മൂന്ന് അസിസ്റ്റുകള് നല്കിയാണ് മനീഷ, അപ്പോളോണ് ലേഡീസ് എഫ്സിയുടെ വിജയത്തില് നിര്ണായക പങ്കുവഹിച്ചത്

dot image

ചരിത്രം കുറിച്ച് ഇന്ത്യയുടെ വനിതാ ഫുട്ബോള് താരം മനീഷ കല്യാണ്. യുവേഫ വനിതാ ചാമ്പ്യന്സ് ലീഗില് അസിസ്റ്റ് നേടുന്ന ആദ്യ ഇന്ത്യന് താരമെന്ന ബഹുമതിയാണ് സൈപ്രസ് ക്ലബ്ബായ അപ്പോളോണ് ലേഡീസ് എഫ്സിയുടെ താരമായ മനീഷ സ്വന്തമാക്കിയത്. വനിതാ ലീഗിന്റെ യോഗ്യതാ ഘട്ടത്തിലെ റൗണ്ട് ഒന്നില് അപ്പോളോണ് ക്ലബ്ബ് ലുബോട്ടനെ നേരിട്ട മത്സരത്തില് മികച്ച പ്രകടനമാണ് പഞ്ചാബ് സ്വദേശിനിയായ മനീഷ പുറത്തെടുത്തത്.

മത്സരത്തില് ലുബോട്ടനെ എതിരില്ലാത്ത ഒമ്പത് ഗോളുകള്ക്കാണ് അപ്പോളോണ് പരാജയപ്പെടുത്തിയത്. സൈപ്രസ് ക്ലബ്ബിന് വേണ്ടി മൂന്ന് അസിസ്റ്റുകള് നല്കിയാണ് മനീഷ ടീമിന്റെ വിജയത്തില് നിര്ണായക പങ്കുവഹിച്ചത്. ഇടവേളയ്ക്ക് പിരിയുമ്പോള് അപ്പോളോണ് അഞ്ച് ഗോളുകള്ക്ക് മുന്നിട്ട് നില്ക്കുകയായിരുന്നു. രണ്ടാം പകുതിയിലാണ് മനീഷ കല്യാണ് കളത്തിലിറങ്ങിയത്.

46-ാം മിനിറ്റില് പകരക്കാരിയായി കളത്തിലിറങ്ങിയ മനീഷ ഇടതു വിംഗില് നിരന്തരം എതിരാളികള്ക്ക് ഭീഷണി സൃഷ്ടിച്ചുകൊണ്ടേയിരുന്നു. ഇറങ്ങിയശേഷം പത്തുമിനിറ്റിനുള്ളില് തന്നെ താരം നല്കിയ ക്രോസില് നിന്നും ജോന ഡാന്റസ് അപ്പോളോണിന്റെ ആറാം ഗോള് നേടി. 79-ാം മിനിറ്റില് മനീഷയുടെ ക്രോസില് സിഡ്നി നാസെല്ലോ ലക്ഷ്യം കണ്ടു. 90-ാം മിനിറ്റില് ബൈലൈനിനടുത്ത് നിന്ന് ലഭിച്ച പന്ത് നീണ്ട പാസിലൂടെ എലെനി ജിയാനോയ്ക്ക് നല്കുകയും ഒമ്പതാം ഗോള് നേടുകയും ചെയ്തു. ഈ വിജയത്തോടെ യുവേഫ വനിതാ ചാമ്പ്യന്സ് ലീഗിന്റെ അവസാന യോഗ്യതാ റൗണ്ടിലേക്ക് അപ്പോളോണ് എഫ്സി യോഗ്യത നേടുകയും ചെയ്തു.

യുവേഫ ചാമ്പ്യന്സ് ലീഗില് കളിക്കാന് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന് വനിതാ താരമെന്ന റെക്കോര്ഡും മനീഷയുടെ പേരിലായിരുന്നു. 2021-22 ലെ എഐഎഫ്എഫ് വനിതാ ഫുട്ബോളറായി മനീഷ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മനീഷ കല്യാണിന് പുറമെ ബാലാ ദേവി, അദിതി ചൗഹാന്, ആശാലതാ ദേവി എന്നിവര് ഇതിനകം തന്നെ ഇന്ത്യയ്ക്ക് പുറത്ത് കളിച്ചവരാണ്. ഇന്ത്യന് വനിതാ ലീഗില് (ഐഡബ്ല്യുഎല്) ഗോകുലം കേരളയ്ക്കായി മൂന്ന് സീസണുകളില് കളിച്ചിട്ടുണ്ട്. ഏഷ്യന് ഗെയിംസ് ടീമിലും മനീഷ ഇടം നേടിയിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us