ഡൽഹി: ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഭാഗമായി പരിശീലകൻ ഇഗോർ സ്റ്റിമാക് ഉണ്ടാകില്ലെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ അണ്ടർ 23 ടീം പരിശീലകനായ ക്ലിഫോർഡ് മിറാണ്ടയാവും ടീമിനൊപ്പം ചേരുകയെന്നാണ് സൂചനകൾ. സെപ്റ്റംബർ 19ന് ചെെനയുമായാണ് ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ആദ്യ മത്സരം.
ഇന്ത്യൻ ഫുട്ബോളിന്റെ സമകാലിക വിജയങ്ങളിൽ നിർണായക പങ്കുവഹിച്ച പരിശീലകനാണ് സ്റ്റിമാക്. ഏഷ്യയിൽ ആദ്യ ഏട്ട് റാങ്കിലുള്ള ടീമുകൾക്ക് മാത്രമാണ് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകുക. എന്നാൽ 18-ാം റാങ്കിലുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിന് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. ഇഗോർ സ്റ്റിമാകിന്റെ അഭ്യർത്ഥനയ്ക്ക് പിന്നിലെയാണ് ഫുട്ബോൾ ടീമിനെ ഏഷ്യൻ ഗെയിംസിന് വിടാൻ തീരുമാനിച്ചത്.
ഇന്ത്യൻ ടീമിന്റെ ഭാഗമാകില്ലെന്ന വാർത്തകൾക്ക് ഇഗോർ സ്റ്റിമാക് പ്രതികരിച്ചിട്ടില്ല. ഐഎസ്എൽ ക്ലബുകൾ മുതിർന്ന താരങ്ങളെ വിട്ടുതരാത്തത് സ്റ്റിമാകിന്റെ പിന്മാറ്റത്തിന് കാരണമായതായി കരുതുന്നു. അണ്ടർ 23 ടീമിനാണ് ഏഷ്യൻ ഗെയിംസ് കളിക്കാൻ അനുമതി ലഭിക്കുന്നത്. എന്നാൽ എല്ലാ ടീമുകൾക്കും 23 വയസിന് മുകളിലുള്ള മൂന്ന് താരങ്ങളെ കളിപ്പിക്കാൻ കഴിയും. ഇന്ത്യൻ ടീമിൽ സുനിൽ ഛേത്രി, സന്ദേശ് ജിങ്കാൻ, ഗുർപ്രീത് സിങ് സന്ധു എന്നിവരെയാണ് മുതിർന്ന കളിക്കാരായി ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഐഎസ്എൽ ക്ലബുകൾ വിട്ടുതരാത്തതിനാൽ മൂന്നുപേരും ഏഷ്യൻ ഗെയിംസിൽ പങ്കെടുത്തേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്.
സമൂഹമാധ്യമങ്ങളിലെ സ്റ്റിമാകിന്റെ പോസ്റ്റുകളും എഐഎഫ്എഫിനെ ചൊടിപ്പിച്ചതായാണ് സൂചന. ഇന്ത്യൻ ടീം തിരഞ്ഞെടുപ്പ് ജ്യോത്സ്യൻ പറയുന്ന പ്രകാരമെന്ന് സ്റ്റിമാകിനെതിരെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ എഐഎഫ്എഫ് നിർദേശപ്രകാരമാണ് സ്റ്റിമാക് ഇങ്ങനെ ചെയ്തതെന്നും വാദങ്ങളുണ്ട്. ഒടുവിൽ ഇന്ത്യൻ ഫുട്ബോളിന്റെ ഉയർച്ചയ്ക്ക് തടസമാകുന്നവർക്കെതിരെ ചില വെളിപ്പെടുത്തലുകൾ നടത്തുമെന്നും സ്റ്റിമാക് എക്സ് പ്ലാറ്റ്ഫോമിൽ പ്രതികരിച്ചിരുന്നു.
Target or honest fighter for the betterment of Indian football?
— Igor Štimac (@stimac_igor) September 12, 2023
The time is coming to put all cards on the table and see how much and who really cares about football in this country.
Give it a thought before making up your judgment and thanks once again for your support. pic.twitter.com/SfCaargLlz