ഫ്ലോറിഡ: മേജർ ലീഗ് സോക്കറിൽ അത്ലാന്റ യുണൈറ്റഡിനെ നേരിടാനൊരുങ്ങുകയാണ് ഇന്റർ മയാമി. ഞായറാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 2.30നാണ് മത്സരം നടക്കുക. മേജർ ലീഗിൽ പോയിന്റ് പട്ടികയിൽ മുന്നേറാൻ ഇന്റർ മയാമിക്ക് വിജയം അനിവാര്യം. മുന്നിൽ നിന്ന് നയിക്കാൻ മെസ്സിയുണ്ടെങ്കിൽ മയാമി താരങ്ങൾക്ക് ആത്മവിശ്വാസം വർദ്ധിക്കും. എന്നാൽ ബൊളീവിയയിൽ നിന്ന് മടങ്ങിയെത്തുന്ന മെസ്സി അത്ലാന്റയ്ക്കെതിരെ കളിക്കുമോ? ഇക്കാര്യത്തിൽ മറുപടി പറയുകയാണ് പരിശീലകൻ ജെറാർഡോ മാർട്ടിനോ.
മെസ്സിയുടെ ശാരീരികക്ഷമത അനുസരിച്ചാവും താരത്തെ കളിപ്പിക്കുകയെന്ന് മാർട്ടിനോ പറഞ്ഞു. മത്സരം എത്ര പ്രധാനമെന്നതല്ല, താരങ്ങൾ പൂർണ്ണ ആരോഗ്യവാന്മാരായിരിക്കണം. ഒരു താരത്തിനും പരിക്കേൽക്കാൻ ആഗ്രഹിക്കുന്നില്ല. മെസ്സിയുടെ ശാരീരികക്ഷമത പരിഗണിച്ചശേഷം കളിപ്പിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്നും ജെറാർഡോ മാർട്ടിനോ വ്യക്തമാക്കി.
അർജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരം കളിക്കാനാണ് മെസ്സി അമേരിക്ക വിട്ടത്. ഇക്വഡോറിനെതിരെ മെസ്സിയുടെ ഗോളിൽ അർജന്റീന ജയിച്ചു. ബൊളീവിയയ്ക്കെതിരായ മത്സരത്തിൽ മെസ്സി കളിച്ചില്ല. തുടർച്ചയായി കളിക്കുന്നത് കാരണമാണ് ബൊളീവിയയ്ക്കെതിരായ മത്സരത്തിൽ മെസ്സിക്ക് വിശ്രമം നൽകിയത്.