'മെസ്സി വീണ്ടും അത് നേടും, വിനി എന്താ ബാസ്കറ്റ് ബോളാണോ കളിക്കുന്നത്?'; സോഷ്യല് മീഡിയയില് അതൃപ്തി

പുരസ്കാര പട്ടികയില് വിനീഷ്യസിനെ അവഗണിച്ചതില് നിരാശ പ്രകടിപ്പിച്ച് റയല് മാഡ്രിഡ് കോച്ച് കാര്ലോ ആഞ്ചലോട്ടിയും രംഗത്തെത്തി

dot image

ഫിഫ ദി ബെസ്റ്റ് അവാര്ഡിനുള്ള ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തതില് പ്രതിഷേധം ശക്തമാവുന്നു. വ്യാഴാഴ്ച ഫിഫ പുറത്തുവിട്ട ഷോര്ട്ട് ലിസ്റ്റില് നിലവിലെ മികച്ച താരമായ ലയണല് മെസ്സി, കിലിയന് എംബാപ്പെ, എര്ലിങ് ഹാലണ്ട് എന്നിവരടക്കം 12 താരങ്ങള് ഇടംപിടിച്ചിരുന്നു. എന്നാല് അവാര്ഡ് നോമിനി പട്ടികയില് ബ്രസീലിയന് സൂപ്പര് താരം വിനീഷ്യസ് ജൂനിയറിനെ ഉള്പ്പെടുത്താത്തതിനെതിരെയാണ് സോഷ്യല് മീഡിയയില് വിമര്ശനങ്ങള് ഉയരുന്നത്.

2022-23 സീസണില് മികച്ച പ്രകടനം പുറത്തെടുത്തിട്ടും റയല് മാഡ്രിഡ് വിങ്ങറായ വിനിയെ പുരസ്കാര പട്ടികയില് നാമനിര്ദേശം ചെയ്തിരുന്നില്ല. 'വിനി എന്താ ബാസ്കറ്റ് ബോളാണോ കളിക്കുന്നത്', എന്നാണ് ആരാധകര് സോഷ്യല് മീഡിയയില് പ്രതിഷേധം രേഖപ്പെടുത്തുന്നത്. നിലവിലെ ഫിഫയുടെ മികച്ച താരമായ മെസ്സിയെ വീണ്ടും പുരസ്കാരത്തിന് നാമനിര്ദേശം ചെയ്തതിലും പരിഹസിക്കുന്നവരുണ്ട്. 'മെസ്സി ഒരിക്കല് കൂടി അത് നേടാന് പോകുന്നു', എന്നാണ് സോഷ്യല് മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ ഒരു പ്രതികരണം.

പുരസ്കാര പട്ടികയില് വിനീഷ്യസിനെ അവഗണിച്ചതില് നിരാശ പ്രകടിപ്പിച്ച് റയല് മാഡ്രിഡ് കോച്ച് കാര്ലോ ആഞ്ചലോട്ടിയും രംഗത്തെത്തി. 'ഈ പട്ടിക എങ്ങനെയാണ് സമാഹരിച്ചതെന്ന് എനിക്കറിയില്ല. പക്ഷേ ഫൈനലിസ്റ്റുകളില് വിനീഷ്യസിനെ കാണാത്തത് വിചിത്രമായി തോന്നുന്നു. ഇത് തെറ്റാണെന്നാണ് എന്റെ അഭിപ്രായം. ഈ പട്ടിക ഒരു മോശം തിരഞ്ഞെടുപ്പാണ്', ആഞ്ചലോട്ടി പറഞ്ഞു.

14 നോമിനികളുടെ പട്ടികയില് മുന്പ് ഉള്പ്പെട്ടിരുന്ന വിനീഷ്യസ് ജൂനിയറിനെ അന്തിമ തിരഞ്ഞെടുപ്പില് ഫിഫ്പ്രോയുമായി അഫിലിയേറ്റ് ചെയ്തവര് ഒഴിവാക്കുകയായിരുന്നു. 60,000ത്തിലധികം അഫിലിയേറ്റഡ് അംഗങ്ങളുള്ള ഫിഫ്പ്രോയ്ക്ക് ആണ് ഫിഫ ബെസ്റ്റ് പ്ലേയറിനുള്ള ഷോര്ട്ട് ലിസ്റ്റ് തയ്യാറാക്കാനുള്ള ഉത്തരവാദിത്തമുള്ളത്. ഗോള്കീപ്പര്മാര്, മിഡ്ഫീല്ഡര്മാര്, അറ്റാക്കര്മാര് എന്നിങ്ങനെ മൂന്ന് പൊസിഷനിലുള്ള മികച്ച മൂന്ന് താരങ്ങളെ വോട്ട് ചെയ്ത് തിരഞ്ഞെടുക്കും. പക്ഷേ ഫൈനലിസ്റ്റുകളില് ഉള്പ്പെടാന് ആവശ്യമായ വോട്ടുകള് വിനീഷ്യസ് ജൂനിയറിന് ലഭിച്ചിരുന്നില്ല. 2024 ഫെബ്രുവരി 27ന് ഫ്രാന്സിലെ പാരീസില് നടക്കുന്ന അവാര്ഡ് ദാന ചടങ്ങിലാണ് പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കുക.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us