ചാമ്പ്യന്സ് ലീഗില് വമ്പന്മാര്ക്ക് ആവേശത്തുടക്കം; ബാഴ്സ, പിഎസ്ജി, സിറ്റി എന്നിവർക്ക് വിജയം

ഗ്രൂപ്പ് ഇയില് നടന്ന മത്സരത്തില് അത്ലറ്റിക്കോ മാഡ്രിഡിനെ ലാസിയോ സമനിലയില് തളച്ചു

dot image

ബാഴ്സലോണ: യുവേഫ ചാമ്പ്യന്സ് ലീഗ് സീസണില് വമ്പന് ക്ലബ്ബുകള്ക്ക് ജയത്തോടെ തുടക്കം. സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയും ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര് സിറ്റിയും ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുമാണ് തകര്പ്പന് ജയത്തോടെ പുതിയ സീസണിന്റെ അരങ്ങേറ്റ മത്സരം ഗംഭീരമാക്കിയത്.

ചാമ്പ്യന്സ് ലീഗ് ഗ്രൂപ്പ് എച്ച് ഉദ്ഘാടന മത്സരത്തില് ബെല്ജിയം ക്ലബ്ബ് റോയല് ആന്റ്വെറപ് എഫ്സിയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്ക്കാണ് ബാഴ്സ തകര്ത്തത്. പുതിയ സൈനിംഗായ ജോവോ ഫെലിക്സിന്റെ ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തില് റോബര്ട്ട് ലെവന്ഡോവ്സ്കി, ഗാവി എന്നിവരും ബാഴ്സക്കായി സ്കോര് ഷീറ്റില് ഇടം നേടി.

11-ാം മിനിറ്റില് ഫെലിക്സാണ് ബാഴ്സയെ മുന്നിലെത്തിക്കുന്നത്. വൈകാതെ 19-ാം മിനിറ്റില് റോബേര്ട്ട് ലെവന്ഡോവ്സ്കി ലീഡ് രണ്ടായി ഉയർത്തി. ഇതോടെ ലയണല് മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാള്ഡോയ്ക്കും ശേഷം യൂറോപ്യന് ലീഗ് മത്സരങ്ങളില് 100 ഗോളുകള് നേടുന്ന മൂന്നാമത്തെ കളിക്കാരനെന്ന റെക്കോർഡിനൊപ്പമെത്താന് ലെവന്ഡോസ്കിക്ക് സാധിച്ചു. 22-ാം മിനിറ്റില് ഡിഫന്ഡര് ജെല്ലെ ബറ്റെയ്ലെയുടെ സെല്ഫ് ഗോളില് ബാഴ്സയുടെ സ്കോര് മൂന്നായി. 54-ാം മിനിറ്റില് ഗാവിയും 66 ആം മിനിറ്റില് ഫെലിക്സും ബാഴ്സയുടെ സ്കോർ പട്ടിക പൂർത്തിയാക്കി.

നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര് സിറ്റിയും തകര്പ്പന് വിജയത്തോടെയാണ് പുതിയ സീസണിലേക്ക് പ്രാരംഭം കുറിച്ചത്. ഗ്രൂപ്പ് ജി ഓപ്പണറില് റെഡ് സ്റ്റാര് ബെല്ഗ്രേഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്ക്കാണ് സിറ്റി പരാജയപ്പെടുത്തിയത്. അര്ജന്റൈന് സ്ട്രൈക്കര് ജൂലിയന് അല്വാരസിന്റെ ഇരട്ട ഗോള് മികവിലാണ് സിറ്റിയുടെ വിജയം. ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷമായിരുന്നു ഗ്വാര്ഡിയോളയുടെ ശിഷ്യന്മാര് വിജയം സ്വന്തമാക്കിയത്. 45-ാം മിനിറ്റില് ഒസ്മാന് ബുക്കാരി ബെല്ഗ്രേഡിനെ മുന്നിലെത്തിച്ചു. എന്നാല് 47-ാം മിനിറ്റില് അല്വാരസിലൂടെ സിറ്റി ഗോള് തിരിച്ചടിച്ചു. 50-ാം മിനിറ്റില് അല്വാരസിന്റെ മിന്നലാക്രമണത്തില് സിറ്റി ലീഡെടുത്തു. 70-ാം മിനിറ്റില് റോഡ്രിയിലൂടെ സിറ്റി ആധികാരിക വിജയം ഉറപ്പിച്ചു.

മറ്റൊരു മത്സരത്തില് ബൊറൂസിയ ഡോര്ട്ട്മുണ്ടിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്ക്ക് തകര്ത്ത് പാരീസ് സെന്റ് ജെര്മ്മനും ചാമ്പ്യന്സ് ലീഗ് കാമ്പെയ്ന് മികച്ച തുടക്കം കുറിച്ചു. കിലിയന് എംബാപ്പെ, അഷ്റഫ് ഹാക്കിമി എന്നിവര് നേടിയ ഗോളുകള്ക്കായിരുന്നു പിഎസ്ജിയുടെ ജയം. രണ്ടാം പകുതിയില് പെനാല്റ്റിയിലൂടെ എംബാപ്പെയാണ് ഗോളടി തുടങ്ങിയത്. ഇതോടെ തന്റെ അവസാന ഒന്പത് ചാമ്പ്യന്സ് ലീഗ് മത്സരങ്ങളില് 11-ാം ഗോള് നേടാനും എംബാപ്പെക്ക് കഴിഞ്ഞു. 58-ാം മിനിറ്റില് ഹാക്കിമി ഒരു മികച്ച ഗോളിലൂടെ ലീഡുയര്ത്തി. ഈ സീസണില് ലീഗ് 1 ചാമ്പ്യന്മാരുടെ ആറ് മത്സരങ്ങളില് മൂന്നാമത്തെ വിജയം മാത്രമാണിത്.

ചാമ്പ്യന്സ് ലീഗ് ഗ്രൂപ്പ് ഇയില് നടന്ന മത്സരത്തില് അത്ലറ്റിക്കോ മാഡ്രിഡിനെ ലാസിയോ സമനിലയില് തളച്ചു. ഇരു ടീമുകളും മത്സരത്തില് ഓരോ ഗോളുകള് നേടി. അവസാന നിമിഷങ്ങളില് ഗോള് കീപ്പര് ഇവാന് പ്രൊവെഡല് നേടിയ ഗോളിലൂടെയാണ് ലാസിയോ സമനില നേടിയത്. 29-ാം മിനിറ്റില് മിഡ്ഫീല്ഡര് പാബ്ലോ ബാരിയോസാണ് അത്ലറ്റിക്കോയെ മുന്നിലെത്തിച്ചത്. എന്നാല് സ്റ്റോപ്പേജ് സമയത്തിന്റെ അഞ്ചാം മിനിറ്റില് ആല്ബെര്ട്ടോ നല്കിയ ക്രോസ് ഹെഡ്ഡ് ചെയ്ത് ഗോള് കീപ്പര് ഇവാന് പ്രൊവെഡല് ലാസിയോയെ ഒപ്പമെത്തിച്ചു. 13 വര്ഷത്തിന് ശേഷമാണ് ചാമ്പ്യന്സ് ലീഗ് മത്സരത്തില് ഒരു ഗോള്കീപ്പര് ഗോള് നേടുന്നത്. പ്രൊവെഡലിന് മുന്പ് ഹാപോയല് ടെല് അവീവിനുവേണ്ടി നൈജീരിയന് ഗോള്കീപ്പര് വിന്സെന്റ് എനിയാമയാണ് ചാമ്പ്യന്സ് ലീഗില് ഗോള് നേടിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us