ഗുവഹത്തി: ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപ്പിച്ച് മുംബൈ സിറ്റിക്ക് ജയത്തുടക്കം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മുംബൈയുടെ ജയം. തുടക്കത്തിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം മുന്നേറി. അറ്റാക്കിങ്ങും കൗണ്ടർ അറ്റാക്കിങ്ങുമായി ഇരുടീമുകളും ലീഡെടുക്കാനുള്ള ശ്രമമായി. വൈകാതെ തന്നെ മത്സരത്തിലെ ആദ്യ ഗോൾ പിറന്നു.
26-ാം മിനിറ്റിൽ ജോര്‍ജ് പെരേര ഡയസ് ആദ്യം വലചലിപ്പിച്ചു. ആദ്യ ഗോളിന്റെ ആത്മവിശ്വാസം മുംബൈക്ക് കരുത്തേകി. പക്ഷേ മുംബൈയുടെ സന്തോഷം അധികം നീണ്ടില്ല. 32-ാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് സമനില ഗോൾ നേടി. പാർത്ഥിവ് സുന്ദർ ഗൊഗോയി ആണ് മുംബൈയ്ക്ക് മറുപടി നൽകിയത്. പക്ഷേ മുംബൈ അടങ്ങിനിന്നില്ല. 38-ാം മിനിറ്റിൽ മുംബൈ വീണ്ടും മുന്നിലെത്തി. ഇന്ത്യൻ താരം ലാലിയന്‍സുവാല ചങ്തെയുടെ കാലിൽ നിന്ന് ഉയർന്ന പന്ത് ജോർജ് പെരേര ഡയസ് വലയിലെത്തിച്ചു. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമാണ് ഡയസ്.
അധികം വൈകാതെ മുംബൈക്ക് വീണ്ടുമൊരു അവസരം ലഭിച്ചു. നോർത്ത് ഈസ്റ്റ് ഗോൾകീപ്പറുടെ പിഴവ് പക്ഷേ മുംബൈക്ക് ഗോളാക്കാൻ കഴിഞ്ഞില്ല. ആദ്യ പകുതി അവസാനിക്കുമ്പോൾ 2-1ന് മുംബൈ ലീഡ് ചെയ്തു. രണ്ടാം പകുതിയിൽ സമനിലയ്ക്ക് വേണ്ടി നോർത്ത് ഈസ്റ്റ് കിണഞ്ഞ് ശ്രമിച്ചു. എങ്കിലും വലചലിപ്പിക്കാൻ കഴിഞ്ഞില്ല. 90 മിനിറ്റ് പൂർത്തിയാകുമ്പോൾ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മുംബൈയുടെ ജയം.