ഗുവാഹത്തി: ഇന്ത്യന് സൂപ്പര് ലീഗില് മുന് ചാമ്പ്യന്മാരായ ചെന്നൈയിന് എഫ്സിയെ തകര്ത്ത് വിജയവഴിയിലേക്ക് തിരിച്ചെത്തി നോര്ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി. നോര്ത്ത് ഈസ്റ്റിന്റെ സ്വന്തം തട്ടകമായ ഗുവാഹത്തിയിലെ ഇന്ദിരാ ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തില് നടന്ന മത്സരത്തില് എതിരില്ലാത്ത മൂന്ന് ഗോളുകള്ക്കായിരുന്നു നോര്ത്ത് ഈസ്റ്റിന്റെ വിജയം. ഇതോടെ സീസണിലെ തുടര്ച്ചയായ രണ്ടാം മത്സരത്തിലും ചെന്നൈയിന് എഫ്സിക്ക് പരാജയമേറ്റുവാങ്ങേണ്ടി വന്നു.
രണ്ട് പകുതികളിലും നോര്ത്ത് ഈസ്റ്റ് ഗോളുകള് നേടി. ആദ്യ നിമിഷങ്ങളില് ചെന്നൈയുടെ മുന്നേറ്റങ്ങളെ നോര്ത്ത് ഈസ്റ്റ് പ്രതിരോധിച്ചത് നിര്ണായകമായി. ഗോളെന്നുറപ്പിച്ച പല അവസരങ്ങളും ഇരുടീമുകള്ക്കും മുതലാക്കാനായിരുന്നില്ല. ഒടുവില് 42-ാം മിനിറ്റില് നോര്ത്ത് ഈസ്റ്റ് സമനിലപ്പൂട്ട് തകര്ത്തു. പോസ്റ്റിന്റെ ഇടതുഭാഗത്ത് ബോക്സിന് പുറത്തുനിന്ന് പന്ത് ലഭിച്ച പാര്ത്ഥിബ് ഗോഗോയി ഒരു ലോങ് റേഞ്ചറിലൂടെ ചെന്നൈയുടെ വല കുലുക്കി. നോര്ത്ത് ഈസ്റ്റിന്റെ ലീഡോടെയാണ് ആദ്യ പകുതി പിരിഞ്ഞത്.
രണ്ടാം പകുതിയുടെ തുടക്കത്തില് തന്നെ ചെന്നൈയെ ഞെട്ടിച്ച് നോര്ത്ത് ഈസ്റ്റ് ലീഡുയര്ത്തി. ഇടത് വിങ്ങിലൂടെയുള്ള കൗണ്ടര് നീക്കത്തില് സബാക്കോയുടെ പാസ് സ്വീകരിച്ച് നെസ്റ്റര് തോടുത്ത ക്രോസ് ഫാല്ഗുനി സിങ് ഫസ്റ്റ് ടൈം ഷോട്ടിലൂടെ വലയില് എത്തിച്ചു. ഇതോടെ മത്സരം പൂര്ണമായും നോര്ത്ത് ഈസ്റ്റിന്റെ നിയന്ത്രണത്തിലായി. ആദ്യ പകുതിയിലെ പോലെ കൂടുതല് ഗോളവസരങ്ങള് രണ്ടാം പകുതിയില് പിറന്നില്ല. എന്നാല് ഇഞ്ച്വറി ടൈമിന്റെ അവസാന നിമിഷങ്ങളില് നോര്ത്ത് ഈസ്റ്റ് സ്കോര് മൂന്നാക്കി ഉയര്ത്തി വിജയം ഉറപ്പിച്ചു. ബോക്സിന് വാരകള്ക്കകലെ അഷീര് അക്തര് നേടിയ അവിശ്വസനീയമായ ലോങ് റേഞ്ചര് മുന് ചാമ്പ്യന്മാരുടെ പതനം പൂര്ണമാക്കി.
ജയത്തോടെ പോയിന്റ് പട്ടികയില് കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് നോര്ത്ത് ഈസ്റ്റ് നാലാം സ്ഥാനത്തേക്ക് ഉയര്ന്നു. രണ്ട് മത്സരങ്ങളില് നിന്ന് ഒരു ജയം നേടിയ നോര്ത്ത് ഈസ്റ്റ് ഗോള് വ്യത്യാസത്തിലാണ് ബ്ലാസ്റ്റേഴ്സിനെ മറികടന്നത്. സീസണിലെ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ചെന്നൈയിന് എഫ്സി പട്ടികയിലെ അവസാനക്കാരാണ്.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക