നീലപ്പടയ്ക്കൊപ്പം സ്റ്റിമാക് തുടരും; ഇന്ത്യൻ ഫുട്ബോൾ പരിശീലകനായി 2026 വരെ കരാർ

ദേശീയ ടീമിന്റെ സഹപരിശീലകനുമായ മഹേഷ് ഗാവ്ലി ഇനി അണ്ടർ 23 ടീമിന്റെ മുഖ്യപരിശീലകനാകും

dot image

ഡൽഹി: ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലകനായി ഇഗോർ സ്റ്റിമാക് തുടരും. 2026 വരെയാണ് സ്റ്റിമാകിന്റെ കരാർ നീട്ടിയിരിക്കുന്നത്. ഫിഫ ലോകകപ്പിന്റെ മൂന്നാം റൗണ്ടിലേക്ക് ഇന്ത്യ എത്തിയാൽ സ്റ്റിമാകിന് വീണ്ടും രണ്ട് വർഷം കരാർ നീട്ടി ലഭിക്കും. ഈ വർഷം സ്റ്റിമാകിന്റെ കീഴിൽ ഇന്ത്യൻ ഫുട്ബോൾ സാഫ് കപ്പ്, ഇന്റർകോണ്ടിനൽ കപ്പ്, ത്രിരാഷ്ട്ര ടൂർണമെന്റ് എന്നിങ്ങനെ മൂന്ന് പ്രധാന കിരീടങ്ങൾ നേടിയിരുന്നു. 2019ൽ സ്റ്റിമാക് ഇന്ത്യൻ പരിശീലകനായ ശേഷം നാല് പ്രധാന കിരീടങ്ങളാണ് നേടിയത്. ഇതിൽ സാഫ് ചാമ്പ്യൻഷിപ്പ് രണ്ട് തവണ നേടിയിരുന്നു.

ക്രൊയേഷ്യയുടെ മുൻ താരമാണ് ഇഗോർ സ്റ്റിമാക്. 1998ലെ ലോകകപ്പിൽ സ്റ്റിമാക് അടങ്ങുന്ന ക്രൊയേഷ്യൻ ടീം ലോകകപ്പിൽ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. ഇഗോറിന്റെ കരാർ ഉയർത്താൻ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ തീരുമാനിച്ചതായി പ്രസിഡന്റ് ഷാജി പ്രഭാകരനാണ് അറിയിച്ചത്. ഇന്ത്യൻ ടീമിന്റെ സ്ഥിരതയാർന്ന പ്രകടനം എഐഎഫ്എഫ് ശ്രദ്ധിക്കുന്നുണ്ട്. കിംഗ്സ് കപ്പിൽ ഇറാഖിനെതിരായ മത്സരത്തിലെ ഇന്ത്യയുടെ പ്രകടനം മികച്ചതായിരുന്നുവെന്നും ഷാജി പ്രഭാകരൻ വ്യക്തമാക്കി.

ഏഷ്യൻ ഗെയിംസിന്റെ പ്രീക്വാർട്ടറിൽ ഇന്ത്യൻ ടീമിനെ എത്തിക്കാനും സ്റ്റിമാകിന് കഴിഞ്ഞിരുന്നു. 13 വർഷത്തിന് ശേഷമാണ് ഇന്ത്യൻ ഫുട്ബോൾ ടീം ഏഷ്യൻ ഗെയിംസിൽ അവസാന 16ലേക്ക് എത്തിയത്. ഇന്ത്യയുടെ മുൻ ഗോൾകീപ്പറും നിലവിൽ ദേശീയ ടീമിന്റെ സഹപരിശീലകനുമായ മഹേഷ് ഗാവ്ലി ഇനി അണ്ടർ 23 ടീമിന്റെ മുഖ്യപരിശീലകനാകും.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image