ചെന്നൈ: ഐഎസ്എല്ലില് തകര്പ്പന് ജയവുമായി മോഹന് ബഗാന് സൂപ്പര് ജയന്റ്സ്. ഒന്നിനെതിരെ മൂന്ന് ഗോളുകള്ക്ക് ചെന്നൈനെ മോഹന് ബഗാന് അവരുടെ സ്റ്റേഡിയത്തില് തോല്പ്പിച്ചു. മോഹന് ബഗാന്റെ മൂന്ന് ഗോളുകളിലും നിര്ണായക സാന്നിധ്യമായ മലയാളി സഹല് അബ്ദുള് സമദാണ് കളിയിലെ താരം. നിരവധി ഗോളവസരങ്ങള് സഹല് മത്സരത്തിലുടനീളം തുറന്നുകൊണ്ടിരുന്നു. രണ്ട് അസിസ്റ്റുകള് സഹല് മോഹന് ബഗാനായി നടത്തി.
മത്സരത്തിന്റെ തുടക്കം മോഹന് ബഗാന് പന്തിനെ നിയന്ത്രിച്ചു. ചെന്നൈന്റെ മൈതാനത്തില് മോഹന് ബഗാന് താരങ്ങള് നിറഞ്ഞാടി. ദിമിത്രി പെട്രാറ്റോസിന്റെ ഗോള് 22-ാം മിനിറ്റില് ഉണ്ടായി. മലയാളി താരം സഹല് അബ്ദുള് സമദിന്റെ ടച്ച് ഒരു തകര്പ്പന് ഹെഡറിലൂടെ പെട്രോറ്റോസ് ചെന്നൈന് വലയിലേക്ക് എത്തിച്ചു. പിന്നാലെ തിരിച്ചുവരവിനുള്ള ശ്രമങ്ങള് ചെന്നൈന് നടത്തി. പക്ഷേ അതിവേഗം മത്സരത്തിലേക്ക് തിരികെ വന്ന മോഹന് ബഗാന് എതിരാളികളെ മുന്നേറാന് അനുവദിച്ചില്ല. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില് മോഹന് ബഗാന് ലീഡുയര്ത്തി. ഇത്തവണയും സഹല് അബ്ദുള് സമദിന്റെ കാലുകളാണ് ഗോളിന് വഴിയൊരുക്കിയത്. മോഹന് ബഗാന്റെ അപകടകാരിയായ സ്ട്രൈക്കര് ജേസണ് കമ്മിംഗ്സ് അനായാസം പന്ത് വലയിലേക്ക് തട്ടിയിട്ടു. ആദ്യ പകുതിയില് 68 ശതമാനം സമയവും പന്തിനെ നിയന്ത്രിച്ചത് മോഹന് ബഗാനായിരുന്നു. 11 ഷോട്ടുകള് ബഗാന് എടുത്തപ്പോള് ചെന്നൈന് താരങ്ങള്ക്ക് മൂന്ന് ഷോട്ട് മാത്രമായിരുന്നു എടുക്കാന് കഴിഞ്ഞത്.
ചെന്നൈന് മുന്നേറ്റങ്ങളോടെ രണ്ടാം പകുതിക്ക് തുടക്കമായി. 55-ാം മിനിറ്റില് റാഫേല് ക്രിവെല്ലാരോ ചെന്നൈന്റെ ആദ്യ ഗോള് നേടി. തിരിച്ചുവരവിന്റെ ആഘോഷം തീരും മുമ്പെ മോഹന് ബഗാന് ചെന്നൈന് വലചലിപ്പിച്ചു. വീണ്ടും മലയാളി താരം സഹല് അബ്ദുള് സമദാണ് ഗോളിലേക്ക് വഴിയൊരുക്കിയത്. മത്സരത്തിലെ സഹലിന്റെ രണ്ടാം അസിസ്റ്റായിരുന്നു അത്. ഗോള് നേടിയത് മന്വീര് സിങ്. പിന്നീട് ചെന്നൈനെ മുന്നേറാന് അനുവദിക്കാതെ മോഹന് ബഗാന് പന്തിനെ നിയന്ത്രിച്ചു. ഇതോടെ ഒന്നിനെതിരെ മൂന്ന് ഗോളുകള്ക്ക് ചെന്നൈനെ തകര്ത്ത് മോഹന് ബഗാന് പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം നിലനിര്ത്തി.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക