ഒടുവില് വിജയതീരമണഞ്ഞ് ചെന്നൈയിന്; ഹൈദരാബാദിന് തുടര്ച്ചയായ മൂന്നാം തോല്വി

ഹൈദരാബാദിനെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ചെന്നൈയിന് തകര്ത്തത്

dot image

ഹൈദരാബാദ്: ഇന്ത്യന് സൂപ്പര് ലീഗ് സീസണില് ചെന്നൈയിന് എഫ്സിക്ക് ആദ്യ വിജയം. ഹൈദരാബാദിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തകര്ത്താണ് ചെന്നൈയിന് ആദ്യ വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ തുടക്കത്തില് തന്നെ ചെന്നൈയുടെ മുന്നേറ്റ താരം കോണര് ഷീല്ഡ്സ് നേടിയ ഗോളാണ് ചെന്നൈയ്ക്ക് മൂന്ന് പോയിന്റ് നേടിക്കൊടുത്തത്. ഇതോടെ തുടര്ച്ചയായ മൂന്നാം പരാജയമാണ് ഹൈദരാബാദ് വഴങ്ങിയത്.

ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തില് നടന്ന മത്സരത്തില് ഏഴാം മിനിറ്റില് തന്നെ ചെന്നൈയിന് ലീഡെടുത്തു. കൗണ്ടര് നീക്കത്തിലൂടെ എത്തിയ പന്ത് ബോക്സിന്റെ വലതുഭാഗത്തുനിന്നും അങ്കിത് മുഖര്ജി പോസ്റ്റിന് മുന്നിലേക്ക് നീട്ടി നല്കിയപ്പോള് ലക്ഷ്യം കാണാന് കോണര് ഷീല്ഡിന് കഴിഞ്ഞു. ഈ സീസണില് താരം നേടുന്ന ആദ്യ ഗോളാണിത്. 21-ാം മിനിറ്റില് ഹൈദരാബാദ് സമനില ഗോളിനടുത്തെത്തിയിരുന്നു. വലതുവിങ്ങില് നിന്നും നോല്സ് നല്കിയ പാസിലേക്ക് ആരോണ് സില്വ കുതിച്ചെത്തിയെങ്കിലും ഷോട്ട് ലക്ഷ്യത്തില് നിന്ന് അകന്ന് പോയി. റഹീം അലിയുടെയും ജാവോ വിക്ടറിന്റെയും ശ്രമങ്ങള് ഗോള് കീപ്പര് ദേബ്ജിത് മജുംദാര് തടുത്തിട്ടു.

രണ്ടാം പകുതിയിലും ഇരുടീമുകളും ആക്രമിച്ച് കളിക്കുകയും അവസങ്ങള് സൃഷ്ടിക്കുകയും ചെയ്തു. എതിര് താരങ്ങളെ മറികടന്ന് നിഖില് പൂജാരി തൊടുത്ത ഷോട്ട് പോസ്റ്റിന് മുകളിലൂടെ കടന്നുപോയി. ഷീല്ഡ്സിന്റെയും റഹീം അലിയുടെയും അവസരങ്ങളും പാഴായി. സമനില കണ്ടെത്തുന്നതിനായി ഹൈദരാബാദ് കഠിനമായി പരിശ്രമിച്ചെങ്കിലും ചെന്നൈയിന് പ്രതിരോധം ഉറച്ചുനിന്നു. ഇരുടീമുകള്ക്കും ലഭിച്ച അവസരങ്ങള് ഗോളാക്കി മാറ്റാന് കഴിയാതെ വന്നപ്പോള് ചെന്നൈയിന് സീസണിലെ ആദ്യ പോയിന്റ് ലഭിച്ചു. വിജയത്തോടെ ചെന്നൈ പോയിന്റ് ടേബിളില് പത്താമതെത്തി. ഒരു പോയിന്റും ലഭിക്കാത്ത ഹൈദരാബാദ് അവസാന സ്ഥാനക്കാരാണ്.

dot image
To advertise here,contact us
dot image