ഗുവാഹത്തി: ഇന്ത്യന് സൂപ്പര് ലീഗില് തിരിച്ചുവരവിന്റെ പാതയില് നോര്ത്ത് ഈസ്റ്റ് യുണൈറ്റഡ്. നോര്ത്ത് ഈസ്റ്റിന്റെ തട്ടകമായ ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്ലറ്റിക്സ് സ്റ്റേഡിയത്തില് നടന്ന മത്സരത്തില് ഒന്നിനെതിരെ രണ്ട് ഗോളുകള്ക്ക് ജംഷഡ്പൂര് എഫ്സിയെ കീഴ്പ്പെടുത്തി. ഒരു ഗോളിന് പിന്നില് നിന്ന ശേഷം ഇഞ്ച്വറി ടൈമില് വീണ രണ്ടു ഗോളുകളുടെ ബലത്തിലാണ് നോര്ത്ത് ഈസ്റ്റിന്റെ വിജയം.
മത്സരത്തിന്റെ 19-ാം മിനിറ്റിലാണ് ആദ്യ ഗോള് പിറക്കുന്നത്. ഡാനിയല് ചീമ ചുക്വുവാണ് ജംഷഡ്പൂരിന് വേണ്ടി വല കുലുക്കിയത്. അലന് സ്റ്റാനോവിച്ചിനെ കീപ്പര് ഫൗള് ചെയ്തതിന് ജംഷഡ്പൂരിന് അനുകൂലമായി പെനാല്റ്റി വിധിക്കപ്പെട്ടു. കിക്ക് എടുക്കാന് വന്ന ചുക്വുവിന്റെ ഷോട്ട് കീപ്പര് മിര്ഷാദ് തടഞ്ഞെങ്കിലും രണ്ടാം ശ്രമത്തില് താരം തന്നെ ലക്ഷ്യം കണ്ടു. നോര്ത്ത് ഈസ്റ്റ് സമനിലയ്ക്ക് വേണ്ടി പരിശ്രമിച്ചെങ്കിലും ഗോള് മാത്രം പിറന്നില്ല.
രണ്ടാം പകുതിയിലും നോര്ത്ത് ഈസ്റ്റ് മുന്നേറ്റങ്ങള് ലക്ഷ്യത്തിലെത്തിയില്ല. അഷീര് അക്തറിന്റെ ഹെഡറും ലോങ് ഷോട്ടും പോസ്റ്റിനരികിലൂടെ കടന്നുപോയി. പോസ്റ്റിന് തൊട്ടുമുന്നില് വെച്ച് മൈക്കേല് സബാക്കോയുടെ ഹെഡറും ഗോള് കീപ്പറുടെ കൈകളില് ചെന്നവസാനിച്ചു. ഇഞ്ച്വറി ടൈമില് സബാക്കോ തന്നെ നോര്ത്ത് ഈസ്റ്റിനെ ഒപ്പമെത്തിച്ചു. ബോക്സിലേക്ക് എത്തിയ ക്രോസ് ക്ലിയര് ചെയ്യുന്നതില് ജംഷഡ്പൂര് താരങ്ങള്ക്ക് വന്ന പിഴവില് നിന്നാണ് സബാക്കോ ഗോള് നേടിയത്.
പിറകെ ഫിലിപ്പാറ്റോവിനെ ലാല്ദിന്പുതിയ വീഴ്ത്തിയതിന് നോര്ത്ത് ഈസ്റ്റിന് അനുകൂലമായി പൊനാല്റ്റി ലഭിച്ചു. കിക്ക് എടുത്ത ഇബ്സണ് മെലോ ഒട്ടും പിഴക്കാതെ തന്നെ പന്ത് വലയിലെത്തിച്ചു. ഇതോടെ തുടര് സമനിലകള്ക്ക് ശേഷം നോര്ത്ത് ഈസ്റ്റ് വിജയവഴിയിലെത്തി. അഞ്ച് മത്സരങ്ങളില് നിന്ന് എട്ട് പോയിന്റുമായി പട്ടികയില് മൂന്നാം സ്ഥാനത്താണ് നോര്ത്ത് ഈസ്റ്റ്. അഞ്ച് പോയിന്റുമായി ആറാം സ്ഥാനത്താണ് ജംഷഡ്പൂര്.