ലണ്ടന്: യൂറോപ്പ ലീഗില് ലിവര്പൂളിന് തുടര്ച്ചയായ മൂന്നാം വിജയം. ആന്ഫീല്ഡ് സ്റ്റേഡിയത്തില് നടന്ന മത്സരത്തില് ഫ്രഞ്ച് ക്ലബ്ബായ ടുലൂസിനെയാണ് പ്രീമിയര് ലീഗ് ക്ലബ്ബായ ലിവര്പൂള് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ അഞ്ച് ഗോളുകള്ക്കായിരുന്നു ലിവര്പൂളിന്റെ വിജയം.
ആദ്യ പകുതിയില് തന്നെ ലിവര്പൂള് മൂന്ന് ഗോളുകള്ക്ക് മുന്നിലെത്തി. മത്സരത്തിന്റെ ഒന്പതാം മിനിറ്റില് ഡിയോഗോ ജോട്ടയാണ് ലിവര്പൂളിന്റെ ഗോള് വേട്ടയ്ക്ക് തുടക്കമിട്ടത്. എന്നാല് 16-ാം മിനിറ്റില് തിജ്സ് ദലിങ്കയിലൂടെ ടുലൂസ് സമനില കണ്ടെത്തി. പിന്നാലെ 30-ാം മിനിറ്റില് വറ്റരു എന്ഡോയിലൂടെ ആതിഥേയര് ലീഡ് തിരിച്ചുപിടിച്ചു. തൊട്ടടുത്ത നിമിഷം ഡാര്വിന് നൂനസും ലിവര്പൂളിന് വേണ്ടി വല കുലുക്കിയതോടെ ആദ്യ പകുതി 3-1ന് അവസാനിച്ചു.
രണ്ടാം പകുതിയിലും ലിവര്പൂള് ആക്രമണത്തിന് മൂര്ച്ച കുറച്ചില്ല. 65-ാം മിനിറ്റില് റയാന് ഗ്രാവന്ബെര്ച്ച് ലിവര്പൂളിന്റെ നാലാം ഗോള് നേടി. ഇഞ്ച്വറി ടൈമില് മുഹമ്മദ് സലായും ലക്ഷ്യം കണ്ടതോടെ ലിവര്പൂള് ആധികാരിക വിജയമുറപ്പിച്ചു. മൂന്ന് മത്സരങ്ങളും വിജയിച്ച ലിവര്പൂള് ഒന്പത് പോയിന്റുമായി ഗ്രൂപ്പില് ഒന്നാം സ്ഥാനത്താണ്.
ലീഗിലെ മറ്റൊരു മത്സരത്തില് ഇംഗ്ലീഷ് ക്ലബ്ബായ ബ്രൈറ്റണ് ആദ്യ വിജയം സ്വന്തമാക്കി. സ്വന്തം തട്ടകത്തില് നടന്ന മത്സരത്തില് ഡച്ച് ക്ലബ്ബായ അയാക്സ് എഫ്സിയെ എതിരില്ലാത്ത രണ്ട് ഗോളുകള്ക്കാണ് പരാജയപ്പെടുത്തിയത്. 42-ാം മിനിറ്റില് ബ്രസീലിയന് താരം ജാവോ പെഡ്രോയിലൂടെയാണ് ബ്രൈറ്റണ് ലീഡ് എടുത്തത്. 53-ാം മിനിറ്റില് അന്സു ഫാത്തിയും ബ്രൈറ്റണ് വേണ്ടി ഗോള് നേടി. തുടര്ച്ചയായ രണ്ടാം മത്സരത്തിലാണ് അന്സു ഫാത്തി ബ്രൈറ്റണ് വേണ്ടി ഗോളടിക്കുന്നത്.