ലണ്ടന്: ഇംഗ്ലീഷ് പ്രീമിയര് ലീഗില് നോട്ടിങ്ഹാം ഫോറസ്റ്റിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്ക്ക് തകര്ത്ത് ലിവര്പൂള്. ഹോം തട്ടകമായ ആന്ഫീല്ഡ് സ്റ്റേഡിയത്തില് നടന്ന മത്സരത്തിലുടനീളം ആധിപത്യം സ്ഥാപിക്കാന് ലിവര്പൂളിന് സാധിച്ചു. ഡീഗോ ജോട്ട, ഡാര്വിന് നൂനസ്, മുഹമ്മദ് സല എന്നിവര് റെഡ്സിന് വേണ്ടി ലക്ഷ്യം കണ്ടു. വിജയത്തോടെ പട്ടികയില് ഒന്നാം സ്ഥാനത്തുള്ള ടോട്ടനവുമായുള്ള അകലം മൂന്ന് പോയിന്റുകളായി കുറക്കാന് ലിവര്പൂളിന് സാധിച്ചു. പട്ടികയില് നാലാം സ്ഥാനത്താണ് ലിവര്പൂള്.
മത്സരത്തിന്റെ തുടക്കത്തില് തന്നെ ലിവര്പൂള് ആക്രമം കടുപ്പിച്ചിരുന്നു. ഗോള്കീപ്പര് മാറ്റ് ടര്ണറിന്റെ സേവുകളാണ് നാട്ടിങ്ഹാം ഫോറസ്റ്റ് ആദ്യ മിനിറ്റുകളില് തന്നെ ഗോളുകള് വഴങ്ങാതിരിക്കാന് കാരണമായത്. എന്നാല് 31-ാം മിനിറ്റില് ലിവര്പൂള് വല കുലുക്കി. മുഹമ്മദ് സല നല്കിയ ത്രൂ ബോളില് നിന്ന് നൂനസിന്റെ ഷോട്ട് ടര്ണര് തടുത്തെങ്കിലും റീ ബൗണ്ടില് ഡീഗോ ജോട്ട ലക്ഷ്യം കണ്ടു.
ആദ്യ ഗോളിന്റെ ആവേശം കെട്ടടങ്ങുന്നതിന് മുന്നേ ലിവര്പൂള് രണ്ടാം ഗോളും നേടി. 35-ാം മിനിറ്റില് സെബോസലെയുടെ പാസില് നിന്ന് ഡാര്വിന് നൂനസ് ആണ് ഇത്തവണ ഫോറസ്റ്റിന്റെ വല കുലുക്കിയത്. 77-ാം മിനിറ്റില് സെബോസലെയുടെ പാസില് നിന്ന് സലാ ലിവര്പൂളിന്റെ വിജയം പൂര്ത്തിയാക്കി. അവസാന മിനിറ്റില് കോഡി ഗാക്പോ ഗോള് നേടിയെങ്കിലും റഫറി ഓഫ്സൈഡ് വിധിച്ചു. കഴിഞ്ഞ ആറ് മത്സരങ്ങളില് വിജയം കാണാന് സാധിക്കാത്ത ഫോറസ്റ്റ് പട്ടികയില് 16-ാം സ്ഥാനത്താണ്.