പാരിസ്: ബലോൻ ദ് ഓർ 2023 ജേതാവിനെ അറിയുവാൻ ഇനി മണിക്കൂറുകൾ മാത്രം. ഇന്ത്യൻ സമയം രാത്രി 11.30നാണ് പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കുക. 30 പേരടങ്ങുന്ന പട്ടികയാണെങ്കിലും പുരസ്കാരത്തിനായി പ്രധാന മത്സരം ലയണൽ മെസ്സിയും എർലിംഗ് ഹാളണ്ടും തമ്മിലാണ്. എട്ടാം തവണയും ബലോൻ ദ് ഓർ ജേതാവാകാൻ ലയണൽ മെസ്സി ഒരുങ്ങിക്കഴിഞ്ഞു. യുവേഫയുടെ മികച്ച താരമായതിന് ശേഷം ബലോൻ ദ് ഓറും നേടാനാണ് എർലിംഗ് ഹാളണ്ടിന്റെ തയ്യാറെടുപ്പ്.
അർജന്റീനയെ ലോക ചാമ്പ്യനാക്കിയതും രണ്ടാം തവണയും പിഎസ്ജിയെ ലീഗ് 1 ജേതാക്കളാക്കിയതുമാണ് മെസ്സിയെ പുരസ്കാര പട്ടികയിലെത്തിച്ചത്. ചാമ്പ്യന്‍സ് ലീഗിലും ലീഗ് 1 ലുമായി 39 മത്സരങ്ങളിൽ നിന്ന് മെസ്സി 40 ഗോളുകൾ നേടിയിരുന്നു. ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിൽ മെസ്സി 1000 മത്സരങ്ങളെന്ന നാഴികകല്ല് പിന്നിട്ടു. നിലവിലെ ചാമ്പ്യനായിരുന്ന ഫ്രാന്‍സിനെ തോല്‍പ്പിച്ച് ലോക കിരീടം സ്വന്തമാക്കാനും മെസ്സി നായകനായ അർജന്റീനയ്ക്ക് കഴിഞ്ഞു.
നോര്‍വെയില്‍ നിന്ന് ലോക ഫുട്ബോളിന്റെ നെറുകയിലേക്ക് എത്തിയ താരമാണ് എർലിംഗ് ഹാളണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം. 35 മത്സരങ്ങളില്‍ നിന്ന് 36 ഗോളുകളാണ് ഹാളണ്ട് വലയിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ ആകെ 52 ഗോളുകള്‍ സിറ്റിക്കായി നേടി. ഇംഗ്ലീഷ് പ്രീമയര്‍ ലീഗ്, എഫ് എ കപ്പ്, ചാമ്പ്യന്‍സ് ലീഗ് എന്നിവ സിറ്റി നേടുന്നതില്‍ ഏറ്റവും വലിയ പങ്ക് വഹിച്ച താരം. ചരിത്രത്തില്‍ ആദ്യമായി സിറ്റിയുടെ ട്രബിള്‍ നേട്ടത്തിൽ ഹാളണ്ടിന്റെ പേരും സുവർണ ലിപികളാൽ കൊത്തിവെയ്ക്കപ്പെടും.
മികച്ച ഗോൾകീപ്പർക്കുള്ള ലെവ് യാഷിൻ ട്രോഫിയ്ക്കുള്ള പട്ടികയിൽ അർജന്റീനൻ താരം എമിലിയാനോ മാർട്ടിനെസ് മത്സരിക്കും. ബലോൻ ദ് ഓർ പുരസ്കാരത്തിനുള്ള പട്ടികയിലും അർജന്റീനൻ ഗോൾകീപ്പർ ഇടം പിടിച്ചിട്ടുണ്ട്. സെൽവിയ വിട്ട് അൽ ഹിലാലിൽ എത്തിയ യാസ്സിന് ബോനോ, മാഞ്ചസ്റ്റർ സിറ്റി ഗോൾ കീപ്പർ എൻഡേഴ്സൺ തുടങ്ങിയവരും പട്ടികയിലുണ്ട്. ബലോൻ ദ് ഓർ പട്ടികയിൽ ഇടം നേടിയ ആന്ദ്ര ഒനാന മികച്ച ഗോൾ കീപ്പറാകാനും മത്സരിക്കും.
വനിതകളുടെ പട്ടികയിൽ യുവേഫ ജേതാവ് ഐറ്റാന ബോൺമതി ഇടം നേടി. ബാഴ്സലോണയ്ക്ക് വേണ്ടിയും ലോകകപ്പിൽ സ്പെയ്നിന് വേണ്ടിയും നടത്തിയ മികച്ച പ്രകടനമാണ് ബോൺമതിയ്ക്ക് ഗുണമായത്. ജർമ്മൻ താരം അലക്സാണ്ട്ര പോപ്പാണ് പട്ടികയിൽ ഇടം നേടിയ മറ്റൊരു താരം.