ഫ്രഞ്ച് ക്ലബ് ലിയോൺ എഫ് സി താരങ്ങൾ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ കല്ലേറ്; പരിശീലകന് പരിക്ക്

സംഭവത്തെ അപലപിച്ച് ഫ്രാൻസ് കായിക മന്ത്രി അമേലി ഔഡിയ കാസ്റ്ററ രംഗത്തെത്തി.

dot image

പാരിസ്: ഫ്രഞ്ച് ലീഗ് 1 ക്ലബായ ലിയോൺ എഫ് സി താരങ്ങൾ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ കല്ലേറ്. തുടർന്ന് മാർസെ എഫ്സിയുമായി ഞായറാഴ്ച നടക്കേണ്ടിയിരുന്ന മത്സരം മാറ്റിവെച്ചു. ആക്രമണത്തിൽ ലിയോൺ പരിശീലകൻ ഫാബിയോ ഗ്രോസോയ്ക്ക് സാരമായി പരിക്കേറ്റു. ബസിന്റെ ജനലുകളും തകർന്നു. ഗ്രോസോയുടെ തലയ്ക്കും മുഖത്തിനുമാണ് കല്ലേറിൽ പരിക്കേറ്റത്. ലീഗിലെ മോശം പ്രകടനത്തെ തുടർന്ന് ആരാധകരാണ് ആക്രമണത്തിന് നടത്തിയതെന്നാണ് കരുതുന്നത്.

ലിയോൺ പരിശീലകന് ഇപ്പോൾ സംസാരിക്കാൻ കഴിയില്ലെന്നും ആക്രമണത്തെ അപലപിക്കുന്നതായും ലിയോൺ ക്ലബ് പ്രസിഡന്റ് ജോൺ ടെക്സ്റ്റർ പറഞ്ഞു. സംഭവത്തെ അപലപിച്ച് ഫ്രാൻസ് കായിക മന്ത്രി അമേലി ഔഡിയ കാസ്റ്ററയും രംഗത്തെത്തി. ആക്രമണം ഞെട്ടിക്കുന്നതാണ്. ഇത്തരം പ്രവർത്തികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഫ്രഞ്ച് കായിക മന്ത്രിയുടെ പ്രതികരിച്ചു.

സംഭവത്തിൽ ഇതുവരെ ഏഴ് പേരെ അറസ്റ്റ് ചെയ്തു. മത്സരം കാണാൻ 65,000ത്തോളം ആളുകൾ എത്തിയിരുന്നതായാണ് കണക്ക്. ലീഗ് 1ൽ ഒമ്പത് മത്സരങ്ങൾ കളിച്ച ലിയോൺ എഫ്സിക്ക് ഒരു മത്സരത്തിലും ജയിക്കാൻ കഴിഞ്ഞിട്ടില്ല. മൂന്ന് സമനിലയും ആറ് തോൽവിയുമായി പോയിന്റ് ടേബിളിൽ ലിയോൺ എഫ്സി അവസാന സ്ഥാനത്താണ്.

dot image
To advertise here,contact us
dot image