ചെന്നൈ: ഇന്ത്യന് സൂപ്പര് ലീഗില് തകര്പ്പന് ജയവുമായി ചെന്നൈയിന് എഫ്സി. ലീഗിലെ അരങ്ങേറ്റക്കാരായ പഞ്ചാബ് എഫ്സിയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ചെന്നൈയിൻ എഫ്സി തോല്പ്പിച്ചത്. ആദ്യത്തെ മൂന്ന് മത്സരങ്ങളിൽ വിജയമറിയാതെ വന്ന ചെന്നൈയിൻ നേടുന്ന തുടർച്ചയായ രണ്ടാം വിജയമാണിത്.
മത്സരത്തിന്റെ 24-ാം മിനിറ്റിലായിരുന്നു ആദ്യ ഗോള് പിറക്കുന്നത്. റയാന് എഡ്വാര്ഡ്സാണ് ചെന്നൈയിന്റെ ആദ്യ ഗോള് നേടിയത്. ആദ്യ ഗോൾ നേടി മൂന്ന് മിനിറ്റ് ശേഷം കോണർ ഷീല്ഡ്സിലൂടെ ചെന്നൈയിന് ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതി പിരിയും മുൻപ് ലഭിച്ച പെനാല്റ്റിയിലൂടെ ലക്ഷ്യം കണ്ട റാഫോല് ക്രിവെല്ലാറോ ചെന്നൈയിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് മുന്നിലെത്തിച്ചു.
രണ്ടാം പകുതിയിലും ചെന്നൈയിൻ മുന്നേറ്റം തുടർന്നു. 56-ാം മിനിറ്റില് കോണർ ഷീൽഡ്സ് മത്സരത്തിലെ തന്റെ ഗോള് നേട്ടം ഇരട്ടിയാക്കി. സ്കോർ 4-0. 84-ാം മിനിറ്റില് മുൻ ബ്ലാസ്റ്റേഴ്സ് താരം വിന്സി ബാരെറ്റോയും ഗോൾ നേടിയതോടെ സ്വന്തം കാണികൾക്ക് മുന്നിൽ നടന്ന മത്സരത്തിൽ ചെന്നൈ ആധികാരിക വിജയം ഉറപ്പിച്ചു. 86-ാം മിനിറ്റില് കൃഷ്ണാനന്ദ സിങ് ആണ് പഞ്ചാബിന് വേണ്ടി ആശ്വാസ ഗോള് കണ്ടെത്തിത്. അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയം മാത്രമാണ് ചെന്നൈയിന്റെ അക്കൗണ്ടിലുള്ളത്. എന്നാൽ ഐ ലീഗില് നിന്നും യോഗ്യത നേടി ഐഎസ്എല്ലിലെത്തിയ പഞ്ചാബ് എഫ്സിയ്ക്ക് ഇതുവരെ ഒരു മത്സരം പോലും ജയിക്കാൻ സാധിച്ചിട്ടില്ല.