ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗോളടി മത്സരവുമായി മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും. ഇരുടീമുകളും നാല് വീതം ഗോൾ നേടി. സിറ്റി ഗോൾ കീപ്പർ ആന്ഡേഴ്സന്റെയും ചെൽസിയുടെ കാവൽക്കാരൻ റോബർട്ട് സാഞ്ചസിന്റെയും തകർപ്പൻ സേവുകളില്ലായിരുന്നുവെങ്കിൽ ഗോളെണ്ണം ഇതിലും കൂടുമായിരുന്നു.
മത്സരത്തിന്റെ 25-ാം മിനിറ്റിൽ സാക്ഷാൽ ഗോളടിയന്ത്രം എർലിംഗ് ഹാളണ്ടാണ് ഗോൾവേട്ടയ്ക്ക് തുടക്കം കുറിച്ചത്. പെനാൽറ്റി ബോക്സിൽ ഹാളണ്ടിന്റെ ജഴ്സി വലിച്ച് വീഴ്ത്തിയ മാർക്ക് കുക്കുറെല്ലയ്ക്ക് കിട്ടിയത് മഞ്ഞക്കാർഡും സിറ്റിക്ക് ലഭിച്ചത് നിർണായക പെനാൽറ്റിയുമായിരുന്നു. സീസണിലെ 12-ാം ഗോൾ നേടി ഹാളണ്ട് സിറ്റിയെ മുന്നിലെത്തിച്ചു.
ആഘോഷങ്ങൾ അധികം നീണ്ടില്ല. 29-ാം മിനിറ്റിൽ 39കാരനായ തിയാഗോ സിൽവ തന്റെ പ്രതിഭയെ പ്രായം തളർത്തിയിട്ടില്ലെന്ന് തെളിയിച്ചു. സ്കോർ 1-1ന് സമനിലയിലെത്തി. 33-ാം മിനിറ്റിൽ റഹിം സ്റ്റെർലിംഗ് ചെൽസിയെ മുന്നിലെത്തിച്ചു. പക്ഷേ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഗോളടിയന്ത്രത്തിലൂടെ സിറ്റി സമനില കണ്ടെത്തി. ആദ്യ പകുതിക്ക് പിരിയുമ്പോൾ സ്കോർ 2-2.
രണ്ടാം പകുതി തുടങ്ങിയതും സിറ്റി ലീഡെടുത്തു. മാനുവല് അകാഞ്ജിയുടെ കിടിലൻ ഗോളിൽ സിറ്റി വീണ്ടും മുന്നിലായി. പക്ഷേ ആഘോഷങ്ങൾക്ക് അൽപ്പായുസായിരുന്നു വിധി. 67-ാം മിനിറ്റിൽ ചെൽസി വീണ്ടും വലചലിപ്പിച്ചു. ഇത്തവണ നിക്കോളാസ് ജാക്സണാണ് സ്കോർ ചെയ്തത്. പക്ഷേ വിട്ടുകൊടുക്കാൻ മനസില്ലാതിരുന്ന സിറ്റിക്കു വേണ്ടി 84-ാം മിനിറ്റിൽ റോഡ്രിയുടെ ഗോൾ വന്നു. ഒരിക്കൽകൂടി മാഞ്ചസ്റ്റർ സിറ്റി മുന്നിലെത്തി.
ജയിച്ചെന്ന് കരുതിയിടത്ത് മാഞ്ചസ്റ്റർ സിറ്റിക്ക് വീണ്ടും തിരിച്ചടി കിട്ടി. ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റിയിൽ കോൾ പാൽമർ സമനില ഗോൾ കണ്ടെത്തി. ഇതോടെ സ്കോർ 4-4ന് തുല്യമായി. 10 മിനിറ്റ് നീണ്ട ഇഞ്ചുറി ടൈമിനൊടുവിൽ ലഭിച്ച ഫ്രീ കിക്ക് സിറ്റി തുലച്ചതോടെ മത്സരം സമനിലയിൽ അവസാനിച്ചു.