ബാങ്കോക് : എഎഫ്സി വനിത ക്ലബ് ചാമ്പ്യൻഷിപ്പിൽ ഗോകുലം കേരള എഫ്സിക്ക് ചരിത്രവിജയം. ബാങ്കോക് എഫ്സിയെ മൂന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്താണ് ഗോകുലം വനിതകൾ ചരിത്ര വിജയം നേടിയത്. ഓരോ തവണയും പിന്നിൽ നിന്നശേഷമാണ് തുടർച്ചയായ ആക്രമണങ്ങളിലൂടെ ഗോകുലം ലീഡ് നേടിയെടുത്തത്.
ആദ്യപകുതിയിൽ സ്കോർ 2 -1 എന്ന നിലയിൽ ബാങ്കോക് ടീം ലീഡ് ചെയ്തു. എന്നാൽ ഗോകുലം കേരളയുടെ വിദേശതാരമായ വെറോണിക്ക ആപ്പിയാഹ് നേടിയ തകർപ്പൻ ഹാട്രിക്ക് മത്സരഫലം മാറ്റിമറിച്ചു. ഇറാനിയൻ താരം ഹാജർ ദബാഗിയാണ് ഗോകുലത്തിനായി ആദ്യ പകുതിയിലെ ഗോൾ നേടിയത്. എഎഫ്സി ചാമ്പ്യൻസ് ലീഗിലെ ഗോകുലം വനിതകളുടെ ഏറ്റവും മികച്ച വിജയമാണിത്.
നാലു ടീമുകളുടെ ഗ്രൂപ്പിൽ ഗോകുലം രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാർ മാത്രം അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടുന്നതിനാൽ ജപ്പാൻ ക്ലബായ ഉറവ റെഡ് അടുത്ത റൗണ്ടിലെത്തി. ഉറവ റെഡിനോട് മാത്രമാണ് ഗോകുലം ഗ്രൂപ്പിൽ തോറ്റത്.